'അമ്പതിനപ്പുറം'- ഇന്ദിര അശോക് എഴുതിയ കവിത

പണ്ട് പിന്നാലെ നടന്നവരോടൊത്ത്മിണ്ടണം, സ്‌നേഹം കുളിര്‍ന്നു ചിരിക്കണംകുഞ്ഞുപ്രായത്തില്‍ കുരുക്കും പ്രണയമേ
ചിത്രീകരണം: പാവേൽ
ചിത്രീകരണം: പാവേൽ

ണ്ട് പിന്നാലെ നടന്നവരോടൊത്ത്
മിണ്ടണം, സ്‌നേഹം കുളിര്‍ന്നു ചിരിക്കണം
കുഞ്ഞുപ്രായത്തില്‍ കുരുക്കും പ്രണയമേ
അന്നുരിയാടാതെ പോയ് പതിന്നാലിന്റെ
ഗര്‍വ്വ് കലര്‍ന്ന് കനക്കുന്ന ഭാവമേ
പാകമാകുന്ന കനികളിലെ ചെറു
നാരുകള്‍പോലും മധുരിച്ചു പോകയാല്‍
പാവുകാച്ചും സ്‌നേഹലായനി
തേന്‍ നൂലു പാകുകയാണ് പ്രിയങ്ങളായപ്രിയം

കൂടും കുറുമ്പിന്റെ നൃത്തകൗമാരവും
വേഗം വരയ്ക്കും വരകളും വാദ്യവും
സംഘമായൊറ്റയായും പൊലിക്കുന്നത്
പിന്നിലെ വാതില്‍ തുളകളിലൂടവര്‍
വന്നു നോക്കുന്നുണ്ടൊളിഞ്ഞും പതുങ്ങിയും.

യൗവ്വനം വന്നു തിളച്ചുതൂകുന്നത്
കണ്ടുപൊള്ളും, അഹങ്കാരമാണപ്പൊഴും
കണ്ണിലെപ്പോഴും മയങ്ങിക്കിടക്കുന്നൊ- 
രിന്ദു പ്രകാശം പരക്കും പലപ്പൊഴും
വര്‍ഷം വരാഹങ്ങളെപ്പോലെ തേറ്റകള്‍
കുത്തിമറിച്ചു കുതിച്ചു മുന്നേറവേ
അന്‍പതിനപ്പുറമെത്തിയെന്നോ!
എന്തൊരിമ്പമാ,ണെന്തിനിപ്പാണ് പ്രേമത്തിനും
മെല്ലെയുഴിഞ്ഞുപോകും മിഴിത്തുമ്പിനും.

അന്‍പതിനപ്പുറത്തല്ലോ തുടങ്ങുന്ന- 
തെല്ലാ നനവും തളിക്കും നിലംപോലെ
പട്ടുമുളപൊട്ടിപ്പൊടിക്കുന്നവയ്ക്കുനീര്‍
തൊട്ടു കൊടുക്കുന്നുവേവലാതിപ്പെട്ട് 
ഊണുറക്കത്തിന്റെ ചിട്ട കൈവിട്ടതിന്‍
തീനും കുടിയും മറുജീവനൊപ്പമായ്
കൂകുന്നു  കുയിലിനെക്കാള്‍ മധുനാദ-
മൊരു തൂവല്‍പ്പതുപ്പും തൊടിയില്‍ ശിശുക്കളായ് 
പാറും മുടി, കൂറയാണുടുപ്പെങ്കിലും
മാടി, വിയര്‍പ്പൊപ്പി മാറ്റുന്നു കാറ്റുകള്‍
താനറിയാതെ പൊഴിക്കും മരങ്ങളും താണു പറന്നുമ്മവയ്ക്കും കിളികളും
നെറ്റിയില്‍ പറ്റുമദൃശ്യകിരീടത്തെ
തൊട്ടുപോകുന്നു തലപ്പിനാല്‍, ചുണ്ടിനാല്‍.
കല്ലുകള്‍ നീല, പിറവിയിലേയത്
കര്‍ണ്ണ കവചം പോലമര്‍ന്നിരിക്കുന്നത്.

അമ്പതിനപ്പുറം താനേ തെളിയുമാ
തങ്കക്കിരീടം, തിളങ്ങും തലയ്ക്കു മേല്‍
അമ്പരപ്പിക്കും തെളിച്ചം, തുളുമ്പി വീഴുന്ന
നോട്ടത്തിലും വാക്കിന്‍ വിളുമ്പിലും
ചേറും ചെളിയും പുരണ്ടു വെറും നില- 
ത്തേതു മണ്ണും രൂപമായ് മെനയുന്നവര്‍
രാജകുമാരിമാര്‍, നീട്ടുന്ന കൈകളില്‍ 
മുദ്ര വിരിക്കുന്നു, നൃത്തമായ് ജീവിതം
വെള്ളി കെട്ടിച്ചോരലുക്കുകള്‍ ചൂടിയും
വന്നു ഋതുക്കള്‍ ശരത്കാല താലവും
കൊണ്ടു നമിക്കെ, ചിരിച്ചുലയുന്നവര്‍- 
ക്കെന്തു നിര്‍വ്വാണമോ ഭ്രാന്തോ വിരക്തിയോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com