'എഴുത്തച്ഛനെഴുതുമ്പോള്‍...'- കെ. ജയകുമാര്‍ എഴുതിയ കവിത

കവിയുടെ മൗനത്തില്‍നിന്ന് മൗനത്വം വാര്‍ന്നുപോകുന്നു. എവിടെനിന്നോ കൂട്ട നിലവിളി-ത്തിരകള്‍ വന്നലയ്ക്കുന്നൂ. 
'എഴുത്തച്ഛനെഴുതുമ്പോള്‍...'- കെ. ജയകുമാര്‍ എഴുതിയ കവിത

'എഴുത്തച്ഛനെഴുതുമ്പോള്‍ 
സംഭവിപ്പതെന്തെന്നു ഞാനറിയുന്നു'

- സച്ചിദാനന്ദന്‍

വിയുടെ മൗനത്തില്‍നിന്ന് 
മൗനത്വം വാര്‍ന്നുപോകുന്നു. 
എവിടെനിന്നോ കൂട്ട നിലവിളി-
ത്തിരകള്‍ വന്നലയ്ക്കുന്നൂ. 
രോഷമേഘങ്ങള്‍ മേലെ 
ചുവന്നു പരക്കുന്നു 
തീമാരിയില്‍ ഭൂമി പനിച്ചൂടില്‍ തിളയ്ക്കുന്നു. 
മൗനച്ചുമരുകള്‍ വിണ്ടുകീറുന്നു. 
തടവറകളില്‍നിന്ന് തീപ്പക്ഷികള്‍ വന്ന്   
കവിമൗനശിഖരത്തില്‍ കുറുകിയിരിക്കുന്നു...
യുദ്ധകാണ്ഡത്തിന്റെ ശബ്ദജാലം വന്ന് 
മൗനത്തിരശ്ശീല വലിച്ചുലയ്ക്കുന്നു. 
തെളിയുന്നു നരബലിയായ പിതാവിന്റെ 
മക്കളുടെ ചാമ്പല്‍മുഖങ്ങള്‍.
കത്തിക്കരിഞ്ഞ പെണ്ണുടലുകള്‍;
വെറുപ്പിന്‍  ചുഴികളില്‍ മുങ്ങി മരിച്ചവര്‍;
വ്യാജച്ചതുപ്പില്‍പ്പുതഞ്ഞ പ്രതീക്ഷകള്‍;
മിണ്ടാതെ മിണ്ടാതെ ഒച്ചായ്ച്ചുരുണ്ടവര്‍;
മിണ്ടിയ തെറ്റിന് മിണ്ടാതെയായവര്‍. 
മൗനമനസ്സില്‍ ഒഴിയാത്ത ശബ്ദങ്ങള്‍!
കവിയുടെ കണ്ണില്‍ നിലയ്ക്കാത്ത ദൃശ്യങ്ങള്‍!

ആത്മാവിനുള്ളിലെയൊരു സാന്ദ്ര ബിന്ദുവില്‍   
അഗാധ നിശ്ശബ്ദത സ്വന്തമാക്കീ കവി.
ആ മഹാധ്യാന   മൗനത്തില്‍ കവിയുടെ 
ഹൃദയത്തില്‍ കവിത കണ്ണീരായ് ചുരന്നു പോയ്. 

ആ മഹാദുഃഖത്തിനൂര്‍ജ്ജ തരംഗങ്ങള്‍ 
സഞ്ചരിക്കുന്നൂ മണ്ണിലെല്ലാടവും.
പ്രകമ്പിതം ഭൂമിയുടെ നെഞ്ചം; 
ഭയാനകം  വേലിയേറ്റം, നിലയ്ക്കാത്ത 
മേഘ വിസ്ഫോടനം. 
പെരുമ്പാമ്പ് തിരകള്‍ക്കു  
തീരത്തു തലയടിച്ചന്ത്യം.  

ഒരുപാട് ഹൃദയത്തിലാ മഹാസ്പന്ദനം 
പുതിയൊരുന്മാദമായ്ത്തീര്‍ന്നു.      
കൊള്ളിമീന്‍ തെരുതെരെ മിന്നിപ്പുളഞ്ഞു; 
ആകാശമാഗ്‌നേയ മന്ത്രം ജപിച്ചൂ.

വാക്കിന്‍ കൊടുങ്കാറ്റില്‍ അകലങ്ങള്‍ വഴിമാറി; 
കാലം ഗതിമാറിയൊഴുകീ;
മൃതിയെഴാ വചനങ്ങള്‍ 
ഹൃദയങ്ങളില്‍ കുടിയേറി. 

കാരാഗൃഹങ്ങളുടെ കരിങ്കല്‍ച്ചുമരുകള്‍  
താനേ വിറച്ചു വീഴുന്നു.  
തെരുവുകളില്‍ വാക്കിന്റെ തിരയുയരുന്നു;
മേടകളില്‍ വാക്കിന്റെ കൊടിയുയരുന്നു.
സിരകളില്‍ വാക്കിന്റെ തീ പടരുന്നു;
പ്രണയങ്ങളില്‍ വാക്കു ലഹരിയാവുന്നു.
ഭയത്തിന്റെ ഇരുളറയില്‍ വാക്ക് തിരിവയ്ക്കുന്നു;
കയറിന്‍ കുരുക്കില്‍ വാക്കൊരരളി  മലര്‍ വയ്ക്കുന്നു. 

വാക്ക് കവിയിലെരിയുന്നു 
കവി വാക്കിലെരിയുന്നു,
വാക്ക് കവിയാവുന്നു. 
എഴുത്തച്ഛനെഴുതുമ്പോള്‍ 
വാക്കഗ്‌നിയും ജലവും കൊടുങ്കാറ്റുമാവുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com