'വീണ്ടും പഴയ വീട്ടില്‍'- വി.എം. ഗിരിജ  എഴുതിയ കവിത

വെയിലുള്ള പാടങ്ങള്‍ കാണുമ്പോള്‍ കയ്യിനു കൊതി വാരി വാരി വിതയ്ക്കാന്‍ കറുകറുത്തില്ല ഞാന്‍, എന്റെ മുത്തശ്ശിമാര്‍ ഇരുളുണ്ണും വീട്ടു സസ്യങ്ങള്‍
'വീണ്ടും പഴയ വീട്ടില്‍'- വി.എം. ഗിരിജ  എഴുതിയ കവിത


                         
വെയിലുള്ള പാടങ്ങള്‍ കാണുമ്പോള്‍ കയ്യിനു കൊതി 
വാരി വാരി വിതയ്ക്കാന്‍ 
കറുകറുത്തില്ല ഞാന്‍, എന്റെ മുത്തശ്ശിമാര്‍ 
ഇരുളുണ്ണും വീട്ടു സസ്യങ്ങള്‍. 
കറുകയോ പത്തു പുഷ്പങ്ങളോ മുക്കുറ്റി-
യിലയോ പരിചയിച്ചുള്ളോര്‍. 
അതിശയമല്ലേ എന്‍ വിരലിന്നു 1കമുകിന്റെ
കുലപോലെ വിടരുന്ന നെല്ലിന്‍  
മണി ചേറിലേക്കാഴ്ത്തിയെറിയേണമത്രേ
ഞാന്‍ തിരയുന്നൂ ചേര്‍മണം സ്വാദും.

തണുമത്തന്‍ കുമ്പളം വെള്ളരിയെല്ലാമേ 
പടരുന്ന  വെണ്മണല്‍ത്തിട്ടില്‍ 
മുല കൊടുക്കുന്നൂ വെയില്‍ മാറി മാറി-,
യാ മലര്‍ഞെട്ടി വീര്‍ത്ത് ചീര്‍ക്കുന്നു. 
വെയില്‍ കിടത്തുന്നൂ പുതപ്പിച്ചാക്കായ്കളെ  
അരികത്തുനിന്നു മാറാതെ.

വെയില്‍ പോയീ വെള്ളം കുടിക്കുവാന്‍ എന്നൊന്നും 
പറയേണ്ട ദാ പറക്കൂന്നൂ;
മുല കൊടുക്കുന്നൂ വെയില്‍ നാണമില്ലാത- 
ക്കടു വെയില്‍കോരി നനയ്ക്കാന്‍ 
കൊതികൊണ്ട് തുള്ളുന്നു,കര്‍ഷകയല്ലല്ലോ  
വെറും എഴുത്തിന്‍ പിണിയാള്‍ ഞാന്‍. 

കറുകറുത്തല്ലെന്റെ മുടി ചുരുണ്ടല്ലെന്റെ 
കുഴയുന്ന കൈ, നട്ടുമില്ലാ,
വെയിലു കുടിക്കാനും വിത്തിലൊഴിക്കാനും
ചകിരിത്തലപോലാം വേരില്‍ 
ചെളിയായ് തവിട്ടായിയിഴുകുവാന്‍ വേണ്ടിയും 
വിരലുകള്‍ വേദനിച്ചില്ലാ. 

തടമെടുക്കുന്നുണ്ട് തെങ്ങിന്നു  ചാമി,ഞാന്‍ 
അത് കണ്ടു ദൂരേ നില്‍ക്കുന്നൂ
കൂലിക്കും അന്നത്തെച്ചോറിനുമായച്ഛന്‍ 
ഓടിയതെങ്ങോട്ടേക്കാവോ?

ഒരു കുഞ്ഞു ഷമ്മിയും കോണകവാലും എന്‍  
കൊതിയും മറഞ്ഞുവെന്നാലും 
മരണമേ നീ എന്‍ തഴമ്പില്ലാക്കൈകളില്‍ 
തരുമല്ലേ മത്തന്‍ കുരുക്കള്‍?
അവ നട്ട,വയായ് മുളയ്ക്കും ഞാന്‍ 
മഞ്ഞച്ച മലരാവും,മത്തങ്ങയാവും.

വെയിലുള്ള വഴിനീളെ കയ്പയും ചീരയും 
പയറുമാവാന്‍ കൊതിക്കുന്നൂ 
വെയില്‍ ഉണ്ണും മാമരങ്ങള്‍ക്കുമേല്‍ പാടുന്ന 
കിളിയാവാനും ശ്രമിക്കുന്നൂ.

2ഒറ്റത്തോര്‍ത്തുണ്ടുമായ് ചാമിയും അച്ഛനും 
വിസ്തരിപ്പൂ മഴ,മണ്ണും,
വെട്ടുന്നൂ ചാലുകള്‍,മാനത്ത് നോക്കുന്നൂ
ചൊട്ടീ വയറും കവിളും! 

ഒരു മുള പോലും കതിരാക്കാന്‍ നില്‍ക്കാതെ 
വയലുകള്‍ സ്വന്തമാക്കാതെ,
ചേറ് മണക്കുന്ന മെയ്യുമായ് രണ്ടാളും 
പോയി ഞാന്‍ ഒറ്റയ്ക്കുമായീ.

വിറ്റൊഴിച്ചാലും പിറ്റേന്ന് പുലരിയില്‍ 
മുറ്റത്ത് പയ്യിനെപ്പോലേ 
എത്തി ഞാന്‍, എന്റെ മുടിയില്‍ 
വയ്ക്കോല്പോല്‍ ഒട്ടിനില്‍ക്കുന്നൂ വെളിച്ചം.?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com