'എണ്ണ'- അലീന എഴുതിയ കവിത

കടയില്‍നിന്നും വന്നതാണ്.അരി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്.പെരുങ്കായം, പപ്പടം, പഞ്ചസാര.''അയ്യോ, എണ്ണ മറിഞ്ഞല്ലോ!''
'എണ്ണ'- അലീന എഴുതിയ കവിത

ടയില്‍നിന്നും വന്നതാണ്.
അരി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്.
പെരുങ്കായം, പപ്പടം, പഞ്ചസാര.
''അയ്യോ, എണ്ണ മറിഞ്ഞല്ലോ!''
അമ്മ അടുക്കളയില്‍നിന്നും 
മുഖം കോട്ടുന്നു.
പരിശോധനയില്‍,
എണ്ണക്കുപ്പിയുടെ അടപ്പല്പം
അയഞ്ഞിരിക്കുന്നു.
അരിയിലേക്ക് ഒരു വരണ്ട നനവ്
നീണ്ട് കുഴിയുന്നു.
''സാരമില്ല, എണ്ണയല്ലേ?''
കുത്തിയിരുന്ന് കുനിഞ്ഞുനോക്കി.
മുളക്, മഞ്ഞള്‍ പാക്കറ്റുകളിലെ
മഞ്ജു വാര്യരുടെ ചിത്രം
എണ്ണമെഴുക്കില്‍ വെട്ടിത്തിളങ്ങുന്നു.
കുഴഞ്ഞ കുത്തരി കോരിയെടുത്തു മാറ്റി.
അരക്കുപ്പിയോളം എണ്ണ,
സഞ്ചിയുടെ മൂട്ടില്‍ തുള്ളികള്‍.
''ഇരുന്നൂറ്റമ്പതിന് വെല എത്രാന്നറിയുവോ?''
''എണ്ണയല്ലേ?''
ഞാന്‍ എണീറ്റു. 
പകുതിയോളം പോയി. 
വേണേല്‍ ഒന്നൂടെ പോയി മേടിക്കാം.
അമ്മ ചില്ലറ എണ്ണുന്നു.
''വേണ്ട.''
ഉച്ചക്കത്തെ മെഴുക്കുപുരട്ടി തോരനായി.
പപ്പടം സഞ്ചിയില്‍ തന്നെ കിടന്നു.
''ഇരുന്നൂറ്റമ്പതോണ്ട് ഞാന്‍ രണ്ടാഴ്ച കഴിഞ്ഞേനേ''
വലിയുള്ളി പൊളിക്കുമ്പോള്‍ അമ്മ പറയുന്നു.
''എണ്ണയല്ലേ?''
ഞാന്‍ തേങ്ങാ ചിരണ്ടി.
അമ്മയുടെ കണ്ണ് നിറയുന്നു.
''ഉള്ളീടെ വേരും മൂടും ചെത്താതിരുന്നാ
കണ്ണ് നീറത്തില്ല.''
 കട്ടന്‍ കാപ്പിക്ക് വിളിക്കുമ്പോള്‍
അമ്മ പറയുന്നു,
''ഇരുന്നൂറ്റമ്പതീന്ന് നൂറ്റമ്പത് പോയാ
നൂറ്.''
''എണ്ണയല്ലേ?''
അമ്മ വ്യസനത്തിലേക്ക് താഴ്ന്നുപോകുന്നത്
ഞാന്‍ കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com