'ഒറ്റ്'- ശാന്തി ജയ എഴുതിയ കവിത

എന്തുകൊണ്ടിങ്ങനെ വേദനിക്കുമ്പോഴുംഉച്ചത്തിലുച്ചത്തില്‍പൊട്ടിച്ചിരിച്ചു നീ...
'ഒറ്റ്'- ശാന്തി ജയ എഴുതിയ കവിത

ന്തുകൊണ്ടിങ്ങനെ വേദനിക്കുമ്പോഴും
ഉച്ചത്തിലുച്ചത്തില്‍
പൊട്ടിച്ചിരിച്ചു നീ...

നട്ടുച്ച നേരത്തു സൂര്യനെക്കണ്ണൊന്നു
ചിമ്മാതെ നിത്യേന
നോക്കി വിളര്‍ത്തു നീ...

ചാരംപുതഞ്ഞ പുകഞ്ഞ തീക്കൊള്ളിയാല്‍
ചായം പുരട്ടുന്നിരുണ്ട
ചുണ്ടത്തു നീ...

ആരും അറിയാത്തൊരവ്യക്തസങ്കടം
പോലെന്റെ തോന്നലില്‍ 
തൊട്ടുനില്‍ക്കുന്നു നീ...

എന്തുകൊണ്ടെന്നറിയാന്‍വേണ്ടിമാത്രമായ്
എത്തുന്നു നിന്റെ പിന്നാലെ തനിച്ചുഞാന്‍
എന്റെ കാലൊച്ചകള്‍ കേള്‍ക്കയാലാകുല
ചിത്തയായ് ചിന്താവിമൂഢയായ് ചെന്നെട്ടു
പത്തരഞ്ഞാണങ്ങളുള്ള കിണറ്റിന്റെ 
വക്കത്തു നില്‍ക്കുന്നു ചാടുവാനാഞ്ഞു നീ
കപ്പിയും തൊട്ടിയും മുട്ടിക്കിലുങ്ങുന്നു
ഉച്ചിമുടിക്കെട്ടഴിഞ്ഞു നക്ഷത്ര-
പ്രപഞ്ചങ്ങളെല്ലാം ഉലഞ്ഞു ചിതറുന്നു
വെള്ളി നഖമുനപ്പോറല്‍വരകളാല്‍ 
പൊന്തയില്‍ മിന്നാമിനുങ്ങുകള്‍ പാളുന്നു
അപ്പോള്‍ എനിക്കുള്ളില്‍ കൊള്ളിയാന്‍ വെട്ടിയും
പൊട്ടിത്തെറിച്ചും തുലാമാരിയെത്തുന്നു
പായല്‍വഴുക്കും കിണറ്റുവക്കത്തൂടെ
പാതിരാത്രിക്കൊന്നുലാത്തുവാന്‍ തോന്നുന്നു

ഒന്നുരണ്ടാവൃത്തി നമ്മള്‍ പ്രദക്ഷിണം
വെച്ചു; ഞാന്‍ മുന്നിലും നീയെന്റെ പിന്നിലും
ആഴക്കിണറ്റിലേക്കൊന്നെത്തി നോക്കവേ
കണ്ടുഞാനെന്‍ മുഖച്ഛായയില്‍ നിന്‍മുഖം!
രണ്ടുരൂപങ്ങളും തമ്മില്‍പരസ്പരം
കാര്‍ന്നുതിന്നില്ലാതെയാകും 
നിഴല്‍മുഖം വീണിളകുന്ന 
തണുത്തവെള്ളം 
താഴുന്നു താഴുന്നു
ദാഹാര്‍ത്തമായ നിന്‍
ദന്തങ്ങളെന്റെ കഴുത്തിലേക്കാഴവേ
ദൂരെ മരങ്ങള്‍ക്കിടയിലായ് തൊണ്ടുപോല്‍ 
തങ്ങിയടരുകയാണു തിങ്കള്‍ക്കല
പൊട്ടി വേര്‍പെട്ട പകുതി മുഖങ്ങളാല്‍
ചോരച്ചുവപ്പാര്‍ന്നതായ് കൂപദര്‍പ്പണം
നേത്രപടലത്തിലാന്ധ്യബിന്ദു
പോലടിയുന്നു ജലത്തിലെന്തോ...
എന്റെ മനസ്സില്‍ തറഞ്ഞമുള്ളിന്‍ വിഷ-
ത്തുമ്പത്തമര്‍ന്നുപിടഞ്ഞുനൊന്ത്
ഒറ്റനിമിഷം മുഖാമുഖം നിന്നിട്ട്
ഓതുകാലിട്ടെന്നെ അങ്ങോട്ടു വീഴ്ത്തി നീ

ആളുകേറാക്കൊന്നത്തെങ്ങില്‍ നിന്നാദ്യമായ്
തേങ്ങ വീണെന്ന പ്രതീക്ഷയാല്‍ നാട്ടുകാര്‍  
തോട്ടിയും പാതാളത്തോണ്ടിയും പേറിയും
പാതിയുറക്കത്തില്‍ പാ വിട്ടു പൊങ്ങിയും
എന്തോ പിറുപിറുത്തായിരം കാലുമായ്
വേലിക്കലെത്തുന്നു ചൂട്ടും തെളിച്ചവര്‍...

നൂറു കുടങ്ങളില്‍ കള്ളും നിവേദ്യവും
നൂറ്റൊന്നു മാന്ത്രികക്കെട്ടും കളങ്ങളും
കത്തിതന്‍ തുഞ്ചത്ത് ചുണ്ണാമ്പുവെള്ളയും
കാഞ്ഞിരപ്പോട്ടിലെ കാരിരുമ്പാണിയും
എങ്ങാണ്ടുനിന്നൊരു പാട്ടുംകുരവയും
ആറ്റുചിലച്ചിതന്‍ കൊക്കും പുലമ്പലും
ചൂളംവിളികളും കൊട്ടും കലമ്പലും
ചൂരല്‍വടിയും ചുരയ്ക്കയും ചാമ്പലും
കൊണ്ടുവരുന്നവര്‍ നിന്നുതുള്ളുന്നതും
കപ്പിയില്‍ത്തൂങ്ങി നീ ഊയലാടുന്നതും 
കണ്ടവര്‍ക്കൊക്കെയും കൈകാല്‍ വിറവന്നു...
കാറ്റിലാ ചൂട്ടെല്ലാം ആളിത്തെളിയുന്നു... 
നെല്ലിപ്പടിയിലെന്‍ പാദങ്ങള്‍ മുട്ടുമ്പോള്‍-
വെള്ളംകലങ്ങിപ്പരക്കുമോളങ്ങളില്‍
എല്ലാമുഖങ്ങളും ചിന്നിത്തെറിക്കുമ്പോള്‍-
എന്തുകൊണ്ടെന്തുകൊണ്ടെന്നു ചിന്തിക്കാതെ
നാട്ടാര്‍ തുരുമ്പിച്ച കപ്പിയില്‍ ഞാലുന്നു...
പറ്റമായ് പട്ടികള്‍ ഓരിയിട്ടാര്‍ക്കുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com