'അന്നു കണ്ട കിളിയുടെ മട്ട്...'- അസീം താന്നിമൂട് എഴുതിയ കവിത

ഗ്രന്ഥശാലയില്‍നിന്നും മടങ്ങാന്‍ സന്ധ്യയോടെ പുറത്തിറങ്ങുമ്പോ   ളന്നൊരുകിളിയൊച്ചയെന്‍ കാതില്‍
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഗ്രന്ഥശാലയില്‍നിന്നും മടങ്ങാന്‍ 
സന്ധ്യയോടെ പുറത്തിറങ്ങുമ്പോ   
ളന്നൊരുകിളിയൊച്ചയെന്‍ കാതില്‍;
തൊട്ടടുത്ത തൊടിയില്‍നിന്നാണ്.
ശ്രദ്ധയോടതു കേള്‍ക്കവേ, തൂവല്‍
ചിന്നിടുന്നതു പോലെയൊരാന്തല്‍... 

തെല്ലകലെ,തൊടിയിലെപ്പച്ച-
പ്പുല്ലുവള്ളിപ്പടര്‍പ്പില്‍ക്കുരുങ്ങി   
മെയ്യുടക്കി കിടക്കുകയാണ്... 

ചന്തമുള്ള കിളിയാണ്,കൂക
ലിമ്പമോടെയാ,ണെല്ലാ നിറവു
മിത്തിരീശ്ശെ മെനഞ്ഞമെയ്യാണ്.
ഗൂഢഭാവമാ,ണെപ്പൊഴും കണ്‍ക
ളിബ്പ്രപഞ്ച ഭരിതവുമാണ്...

ഒന്നു നന്നായ് മെരുങ്ങിയിണങ്ങി- 
വന്നാ,ലിത്തിരി തേനും വയമ്പും 
തിന്നാ,ലെന്നെയതേവിധമേറ്റു- 
ചൊല്ലിയേക്കാമെന്‍ തോന്നലുമാവാം...? 

പുല്ലുവള്ളീന്നടര്‍ത്തിയെടുത്തു
മെല്ലെ... എന്റെ പിടിയൊന്നയഞ്ഞാ 
ലങ്ങു പാറിയകലണമെന്നൊ-   
രിംഗിതമാമിഴികളിലുണ്ട്... 

കൊഞ്ചലേകിയണച്ചു പിടിച്ചു; 
നെഞ്ചുചേര്‍ത്തു മിടിപ്പും കൊടുത്തു.

വീട്ടിലെന്റെയഴിക്കൂടിനുള്ളി-
ലേറ്റിടുമ്പോള്‍ സ്വതന്ത്രബ്ഭ്രമത്താല്‍ 
പാറുവാനായ് ചിറകിട്ടടിച്ചു;   
നാലുപാടും മിഴികള്‍ പായിച്ച്  
നോവലോടെയതാര്‍ത്തു വിളിച്ചു;
കൂടിരിക്കുമിടത്തിനെച്ചൂഴും
ശീലശ്ശൂന്യ പശ്ചാത്തലമാവാം...?

വാനവും ഭൂതലവും നിറത്തില്‍ 
ചാലിച്ചാക്കൂടിനോരത്തു വെച്ചു.
കണ്ടപാടെ കിളിയില്‍നിന്നങ്ങ്     
സങ്കടങ്ങളൊഴിഞ്ഞതായ്ക്കണ്ടു.
കാത്തുപോന്നു പകലിരവില്ലാ
താത്മബന്ധമോടെന്നു,മതിനാല്‍ 
കൂറിയന്നതായ്ത്തന്നെ കരുതി.

ശങ്കയെന്യേ പുറത്തിറക്കീടാ
നൊന്നു വാതില്‍ തുറന്നതേയുള്ളൂ 
പാത്തിരുന്നപോലൊറ്റപ്പറക്കല്‍,
വാനിടം ലക്ഷ്യമാക്കിത്തിടുക്കം...!

പിമ്പേ പാഞ്ഞു ചെന്നൊപ്പിപ്പിടിച്ചു, 
വെമ്പലോടെ വരുതിയാശിച്ചു.
പെട്ടപാടെ കിളിയുടെ ദൃശ്യ-
മട്ടതപ്പടിയെങ്ങോ പൊലിഞ്ഞു.
ഉള്ളകത്തങ്ങിടുങ്ങിയ കോണി-
ലെന്തോപെട്ടപോല്‍...! ആകെ വലഞ്ഞു:

കൂരിരുട്ടിലകപ്പെട്ടപോലുള്‍-
ക്കോണില്‍ നിന്നാ ചിറകടിയൂക്ക്...!
കൂര്‍ത്ത കൊക്കിന്റെ മൂര്‍ച്ചകളേല്‍പ്പി- 
ച്ചാണിരിപ്പ് ! പറന്നകലാന്‍ നഖ
ക്കൂര്‍പ്പിറക്കിടും പോലതിന്‍ ലാക്ക്...!
മുള്ളുവള്ളിപ്പടര്‍പ്പില്‍ക്കുരുങ്ങി  
യന്നു കണ്ട കിളിയുടെ മട്ട്...

കൂടൊഴിഞ്ഞു കുതിക്കുവാനിച്ഛ-
തീരെയില്ലാതെയാകുംവരേക്കു-
മക്കുതറലടക്കിയൊറ്റയ്ക്ക്... 

ഹൃദ്യമായവയൊക്കെപ്പകര്‍ന്ന് 
തൃപ്തമാക്കുവാനാവതു ചെയ്തു:
നീലമേഘ വിശാലമാം വാന
മവ്വിധമൊന്നവിടെയും മേഞ്ഞു.
കായ്കനികള്‍ വിളഞ്ഞു കിടക്കും
കാനനമതിന്‍ കീഴില്‍ മെനഞ്ഞു...

ശാന്തമാണെന്നകം പുറം,പക്ഷി
പാറിടുന്നു സ്വച്ഛന്ദമായപ്പോള്‍.
ഏതുനേരം വിളിക്കിലും ഹൃത്തി 
ലേറിവന്നിരുന്നക്കിളി പാടി...

         ****
                
പാരിടം പലഭാവത്തിലെങ്ങും
പാകിടും പടര്‍വള്ളിപ്പടര്‍പ്പി
ലന്നൊരിക്കലീ ഞാനും പിണഞ്ഞു;
അക്കിളിപ്പൊരുളമ്പേ മറന്നൂ...
             
വാശിയിലാം(മറന്നതുമാവാം) 
ലേശമില്ലാ കിളിയനക്കങ്ങ
ളാശയേറ്റിലുമുള്ളകത്തിപ്പോള്‍...

ഏറെ വൈകിയനേരത്തതിനെ  
കാത്തിരിക്കയാണിങ്ങു ഞാനിന്ന്... 
തീക്ഷ്ണഭാരമുണ്ടുള്ളില്‍,കിതപ്പും, 
ദീര്‍ഘമാം പെരുമ്മൂച്ചും മടുപ്പും. 
കൂറ്റനേതോചിറകടിയേല്‍ക്കും 
കോട്ടവാതില്‍പോലായീ മനസ്സും.

ശ്വാസനാള കവാടമുലഞ്ഞു.
മാര്‍ഗ്ഗമറ്റെന്‍ ഹൃദയം പിളര്‍ന്നു.
പാത്തിരുന്നപോലെന്തോ പറന്നു 
ദൂരെയേറെ വിദൂരത്തിലേയ്ക്ക്,
കൂടെയെത്തുവാനാവാത്തൊരൂക്കില്‍...!  

ഭൂമുഖത്തെഴും ശൂന്യതയൊക്കെ    
പാറിയെത്തിയെന്നുള്ളം കവിഞ്ഞു.
വാതിലെല്ലാം വലിഞ്ഞങ്ങടഞ്ഞു.
ആസകലം മരവിപ്പുപാഞ്ഞൊ
രാത്മപിണ്ഡമായ് വീണങ്ങടിഞ്ഞു..!

തൊട്ടടുത്ത നിമിഷമേതോ കിളി 
വട്ടമിട്ടങ്ങുയരെപ്പറന്നു....!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com