'അഥവാ ഓരോ ശവവും...'- എം.എം. സചീന്ദ്രന്‍ എഴുതിയ കവിത

മത്സ്യം കൊത്തിപ്പറിച്ച കണ്ണുകളുമായി ചീര്‍ത്തുപൊന്തിയോകാക്കയാര്‍ക്കുന്ന ആകാശക്കൊമ്പില്‍അളിഞ്ഞുനാറിയോഒറ്റയ്ക്കു പാര്‍ക്കുന്ന വീട്ടില്‍കട്ടിലിനും കുളിമുറിക്കുമിടയില്‍കമഴ്ന്നടിച്ചോ...
'അഥവാ ഓരോ ശവവും...'- എം.എം. സചീന്ദ്രന്‍ എഴുതിയ കവിത

ത്സ്യം കൊത്തിപ്പറിച്ച കണ്ണുകളുമായി 
ചീര്‍ത്തുപൊന്തിയോ
കാക്കയാര്‍ക്കുന്ന ആകാശക്കൊമ്പില്‍
അളിഞ്ഞുനാറിയോ
ഒറ്റയ്ക്കു പാര്‍ക്കുന്ന വീട്ടില്‍
കട്ടിലിനും കുളിമുറിക്കുമിടയില്‍
കമഴ്ന്നടിച്ചോ...
ആശുപത്രിക്കിടക്കയില്‍
അച്ചടക്കത്തോടെ 
പെരുവിരല്‍ കോര്‍ത്തുപിടിച്ചോ
ഇതള്‍ പകുത്തുവെച്ച
ഓപ്പറേഷന്‍ ടേബിളില്‍
ചോരയില്‍ തുന്നിക്കെട്ടുമ്പോള്‍
പെട്ടെന്നു മിടിപ്പറ്റോ...
എങ്ങനെയൊക്കെയായാലും
ഒരു ശവത്തിന്റെ കിടപ്പ്
അഥവാ ഏതൊരു ശവത്തിന്റെ കിടപ്പും
നമ്മള്‍ കരുതുന്നതുപോലെ 
അത്രയ്‌ക്കൊന്നും നിസ്സഹായമല്ല...
അവ, ഒന്നും അറിയാതെയുമല്ല.
നിരവധി കാലമായി
മനസ്സില്‍ കൊണ്ടുനടന്ന 
ചില സന്ദിഗ്ധതകളിലെ തീര്‍പ്പ്...
ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
മരിച്ചവരുടെ കണ്ണുകളില്‍
അടച്ചുമുദ്രവെച്ചിട്ടുണ്ടാകും...
ഏറെക്കാലമായി 
നാവില്‍ പൊടിയുന്ന 
ഉപ്പു കലര്‍ന്ന ചുവപ്പാണ്
ഇപ്പോള്‍ 
ആകാശത്തോളം പരക്കുന്നതെന്ന്... 
ഇടതുവാരിയെല്ലിന്നടിയില്‍
ഇടയ്ക്കു മിന്നിമറഞ്ഞ മിന്നാമിനുങ്ങ് 
ഇടിമിന്നലിന്റെ കുഞ്ഞായിരുന്നുവെന്ന്
തലച്ചോറിന്റെ സിരാകേന്ദ്രത്തില്‍
ഇടയ്ക്കിടെ പതിച്ച നക്ഷത്രച്ചീള്
മഹാസ്‌ഫോടനത്തിന്റെ
വിത്തായിരുന്നുവെന്ന്...
കാല്‍വിരലുകളിലൂടെ അരിച്ചുകയറി 
കണങ്കാലുവഴി
അരക്കെട്ടിലൂടെ... മാറിടം ചുറ്റി  
കഴുത്തിലേയ്ക്കു പടര്‍ന്ന
ചുംബനത്തിന്നൊടുവിലാണ് 
കുരല്‍വള്ളി അറ്റുതൂങ്ങിയതെന്ന്...
മരണത്തിനു തൊട്ടുമുന്‍പ് 
തിരിച്ചറിഞ്ഞ സത്യം
ഓരോ ശവത്തിലും പതിച്ചുവെയ്ക്കും
ജീവിച്ചിരിക്കുന്നവര്‍ക്കു
മനസ്സിലാവാത്ത ഭാഷയില്‍...
അഥവാ ഓരോ ശവവും 
മറ്റൊരു ഭാഷയില്‍
ജീവിച്ചിരിക്കുന്നുണ്ട്...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com