'കണ്ണാടികണ്ണുകള്‍'- പി.ടി. നരേന്ദ്രമേനോന്‍ എഴുതിയ കവിത

അടുക്കുംതോറുംഅതിരുകള്‍ കണ്‍മറയുന്നുഎന്നറിഞ്ഞപ്പോള്‍ഒരു അകലക്കാണി വാങ്ങിച്ചു.ആടിക്കിഴിവിനു പകരംചില കീഴ്ക്കാണികളും കിട്ടി
'കണ്ണാടികണ്ണുകള്‍'- പി.ടി. നരേന്ദ്രമേനോന്‍ എഴുതിയ കവിത

ടുക്കുംതോറും
അതിരുകള്‍ കണ്‍മറയുന്നു
എന്നറിഞ്ഞപ്പോള്‍
ഒരു അകലക്കാണി വാങ്ങിച്ചു.
ആടിക്കിഴിവിനു പകരം
ചില കീഴ്ക്കാണികളും കിട്ടി.

പലനിറക്കാണി
പെരുപ്പിക്കും കാണി,
അകം കുഴിക്കാണി,
നടുതുറിക്കാണി.

അതോടെ
കാണികളില്ലാതെ
ഒന്നും കാണാന്‍ വയ്യാതായി.
ഇല്ലാത്ത അടുപ്പങ്ങളും
വയ്യാത്ത വലിപ്പങ്ങളും
ചുളിഞ്ഞ വടിവുകളും
തുറിച്ച കോലങ്ങളും കണ്ടു.

വാനപ്പറമ്പിന്റെ
അതിര്‍ത്തിയില്‍
ഏതോ നൂറ്റാണ്ടിന്റെ
ചിതയുടെ ചാരം കൊണ്ട്
മൂന്ന് വരകള്‍.
പോയ കാലം തുപ്പിയ
നഞ്ഞ് നുരഞ്ഞ കള്ളുമോന്തയും
പിടിച്ച് ഇന്നാള്‍ കോലായയില്‍
ഒരു കിഴട്ട് പ്രാണന്‍.
പൂതിച്ചെടിയിലെ
കിട്ടാത്തുമ്പിയെ പിടിക്കാന്‍
ഓര്‍മ്മച്ചെരിവിലോടുന്ന
തന്നാണ്ടു കമ്പത്തിന്റെ
കൊട്ടിക്കലാശം.
പാര്‍ക്കളങ്ങളുടെ ഓരത്ത്
പഴം ഞാറ്റുവേലകള്‍
ഇണചേര്‍ന്നതിലെ
പ്രേതഞെരുക്കം.

കീഴ്ക്കാണിക്കാഴ്ചകളും
ഏറെയുണ്ടായി.
ഒപ്പം നിന്ന് എല്ലാം
വേവിക്കുന്ന ഇത്തിക്കണ്ണിത്തപനങ്ങള്‍.
ഓരോ ആണ്ടറുതിയിലും
നിറം മാറുന്ന ഓന്തുവേഴ്ചകള്‍,
കുറ്റിയറ്റ പെരുംകുലങ്ങളുടെ
അസ്ഥികൂടങ്ങള്‍,
പൊരുള്‍ച്ചേതം വന്ന
മനുഷ്യകഥാനുഗാനങ്ങള്‍.

പലനിറക്കാണിയില്‍
ഓരോ നിമിഷവും മാറി
മറിയുന്ന ഉന്മാദച്ചായങ്ങള്‍,
പെരുപ്പിക്കും കാണിയില്‍
ഇല്ലാത്ത വലിപ്പക്കൂത്തുകള്‍,
മറ്റ് കീഴ്ക്കാണികളില്‍
തിരിച്ചും വളച്ചുമുള്ള ചുഴിപ്പുകള്‍,
തുറുപ്പിച്ചും മുഴപ്പിച്ചുമുള്ള
വിപരീതച്ചാര്‍ത്തുകള്‍.

കാണിക്കാഴ്ചകള്‍
ഏറെയേറിവന്നപ്പോള്‍
ചില്ലുകള്‍ താനേ
ഉടഞ്ഞുപോയി.
രസപ്പിന്‍ പുതപ്പുരുകിപ്പോയി,
വെറും ഗ്ലാസ്സായി.

അപ്പോള്‍ സ്വന്തം
ഉയിര്‍ക്കണ്ണാടിയിലേയ്ക്ക്
തിരിച്ചു പോരേണ്ടിവന്നു.
അതില്‍ പഴയതില്‍
പലതും വീണ്ടും കണ്ടു.
ഇളം കാലത്തിലെ
കളിച്ചായങ്ങള്‍,
ചെറുപ്പച്ചോരയുടെ
തിമിരുകള്‍,
നടുകാലത്തിലെ
വേവലാതിത്തുടിപ്പുകള്‍,
ഒരു വെറും വാഴ്‌വിന്റെ
പുകില്‍മാലച്ചാര്‍ത്തുകള്‍.

പക്ഷേ, അതില്‍
സ്വന്തം കോലം മാത്രം
ഉണ്ടായിരുന്നില്ല.
അതിനാല്‍
അതും ഉടച്ചുകളഞ്ഞു.

ഇപ്പോള്‍
കണ്ണുകള്‍ മാത്രമേയുള്ളൂ,
ഇത്തിരിവെട്ടക്കാഴ്ചയേയുള്ളൂ.
അതു മതി.
അതിനപ്പുറം കാണാനുള്ള
പൂതി വിട്ടുകളഞ്ഞിരിക്കുന്നു.
ഇനിയും കാണും
പോകും വരെ,
അടയും വരെ,
എരിയും വരെ.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com