'ദൂരങ്ങള്‍'- സച്ചിദാനന്ദന്‍ എഴുതിയ കവിത 

By സച്ചിദാനന്ദന്‍  |   Published: 06th August 2022 03:04 PM  |  

Last Updated: 06th August 2022 03:04 PM  |   A+A-   |  

sachi

 

നിക്ക് വായനമുറിയില്‍ പോകാന്‍
ഒരു കടല്‍ മുറിച്ചുകടക്കണം
കിടപ്പുമുറിയിലേക്ക് ഒരു കാട്
അതിഥിമുറിയിലേക്ക് ഒരു പര്‍വ്വതം
തീന്‍മേശയിലേക്ക് മൂന്നു ഭൂഖണ്ഡങ്ങള്‍

പൂക്കള്‍ പറിക്കാന്‍ എനിക്ക്
മേഘങ്ങള്‍ മുറിച്ചുകടക്കണം
പഴങ്ങള്‍ക്കോ, മഴവില്ലിന്റെ
പാലം കടക്കണം 
 
മരിച്ചവര്‍ വന്നു വിളക്കുകള്‍ കെടുത്തുമ്പോള്‍
ഇരുട്ടകറ്റാന്‍ ഞാന്‍ ചന്ദ്രനെ കൊളുത്തിവെയ്ക്കുന്നു
കണ്ണീര്‍ത്തുള്ളികള്‍ മഞ്ഞായി വീഴുമ്പോള്‍
തണുപ്പകറ്റാന്‍ സൂര്യനെ പാടിയുണര്‍ത്തുന്നു
 
ഈ വീടിന്റെ ഒരു ജനല്‍ തുറക്കുമ്പോള്‍ വേനല്‍
ഒരു ജനല്‍ തുറക്കുമ്പോള്‍ വര്‍ഷം
ഒന്നില്‍ വസന്തം, ഒന്നില്‍ ഹേമന്തം

വാതിലിലൂടെ ഏകാന്തത മാത്രം
ചിലപ്പോള്‍ കടന്നുവരുന്നു.
നിശ്ശബ്ദം, നിരാലംബം, എങ്കിലും നിര്‍ഭയം,
മരിച്ച ഭാഷകളുടെ അക്ഷരങ്ങള്‍കൊണ്ട്
നെയ്ത വിരിപ്പില്‍, മരിച്ച പക്ഷികളുടെയും
ചീവീടുകളുടെയും ശബ്ദം ചവിട്ടി
ഞാന്‍ ഉറങ്ങാന്‍ പോകുന്നു
 
പ്രണയകഥകളില്‍ ഞാന്‍ നായകനല്ല,
വിലാപകാവ്യങ്ങള്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുമില്ല.
അപ്പോള്‍, ഞാന്‍ ജീവിച്ചിരിക്കുന്ന മനുഷ്യനാണോ
മരിച്ച ഒരുവന്റെ ആത്മാവാണോ എന്ന്
ആര്‍ പറഞ്ഞുതരും? അഥവാ
ഈ ഭൂമി തന്നെ കാഫ്ക കണ്ട
ഒരു ദു:സ്വപ്നമായിക്കൂടെന്നുണ്ടോ?
 
ഇത് എന്റെ വീടാണോ
അതോ  കേവലം ഒരു വിശ്വാസമോ?
ഞാന്‍ എടുക്കുന്നത് ആരുടെ ശ്വാസം,
എന്നില്‍ തുടിക്കുന്നത് ആരുടെ ഹൃദയം?

എന്റെ എത്രാമത്തെ ജന്മത്തിലാണ് ഞാന്‍?
പരിണാമത്തിന്റെ ഏതു പടവില്‍?

നാളെ ഞാന്‍ ഒരു യന്ത്രമായി മാറുമോ?

നാളെ
ഉണ്ടാകുമോ? 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക