'പറയൂ'- ആര്‍. ശ്രീലതാവര്‍മ്മ എഴുതിയ കവിത

By ആര്‍. ശ്രീലതാവര്‍മ്മ  |   Published: 12th August 2022 04:10 PM  |  

Last Updated: 12th August 2022 04:10 PM  |   A+A-   |  

poem_2

 

ന്ത്യമുഹൂര്‍ത്തത്തെയുറ്റു നോക്കുന്നു ഞാന്‍
എങ്ങനെയാകാമതെന്നുള്ള ചിന്തയില്‍
ഓരോരോ രംഗവും മുന്നില്‍ത്തെളിയുന്നു
മങ്ങിയും മാഞ്ഞും തുടര്‍ച്ചയിലിങ്ങനെ.
അണയാന്‍ തുടങ്ങും തിരിനാളമാരോ
വിരല്‍കൊണ്ടു നീട്ടിപ്പകര്‍ന്നുവോ സ്‌നേഹം
തിരിയൊന്നു പാളിത്തിളങ്ങിയോ നീളെ
വെളിച്ചം തെളിച്ചം വെളിച്ചം തെളിച്ചം!
ചുളിയുന്ന കണ്ണാല്‍ വെളിച്ചത്തെ നോക്കാം
പിടയും മനസ്സാല്‍ തെളിച്ചത്തെയോര്‍ക്കാം
അവ രണ്ടും നിന്‍ കണ്ണിന്നാഴത്തില്‍ കാണാം
അരികില്‍ നീയാനേരമെന്തോര്‍ത്തിരിക്കും?

(ഘടികാരനേരം അറിയാതെയായി
അതുപോട്ടെ, പോയി മറയട്ടെയെങ്ങോ)
പറയൂ, നീ സ്വപ്നങ്ങള്‍, മോഹങ്ങള്‍ വീണ്ടും
പറയൂ, മടുപ്പാണു മൗനത്തെയിപ്പോള്‍.
അതു കേള്‍ക്കിലേതോ വിഷാദം വിതുമ്പും
സ്വരമോടെ നീയും പറയാന്‍ തുടങ്ങും
'ഇതു നമ്മള്‍ പണ്ടേ പറഞ്ഞതാണല്ലോ
ഇതു നമ്മള്‍ പണ്ടേ കടന്നതാണല്ലോ!'
കരമൊന്നു നീട്ടാം, മതിയെന്നൊരാംഗ്യം
മിഴിവോടെ കാട്ടാം, അതു പക്ഷേ, വേണ്ടാ,
തുടരൂ, മടുപ്പാണു മൗനത്തെയിപ്പോള്‍
തുടരൂ, ഞാന്‍ കേള്‍ക്കാം മതിയാകുവോളം.

ജനശായിയായൊരു പൂവിനെപ്പറ്റി
പട്ടുപോലുള്ളതാമിതളിനെപ്പറ്റി
ഇതളില്‍ ലയിക്കും നിറത്തിനെപ്പറ്റി
ലയനത്തിലാളുന്ന ദാഹത്തെപ്പറ്റി
പറയൂ, ഞാന്‍ കേള്‍ക്കാം മതിയാകുവോളം
പറയൂ, മടുപ്പാണു മൗനത്തെയിപ്പോള്‍.

പതുക്കെപ്പതുക്കെപ്പടിവാതിലാരോ
തുറന്നെന്ന തോന്നല്‍, വിളിച്ചെന്ന തോന്നല്‍ 
വിളി വീണ്ടുമുച്ചം മുഴങ്ങുന്നപോലെ
അതു തോന്നലാമോ, വെറും തോന്നലാമോ?
വെളിച്ചം മയങ്ങും ജലച്ചെപ്പു തോറും
തിളങ്ങുന്നു പൂക്കള്‍ തലയാട്ടി മെല്ലെ
പടിവാതിലില്ലാ, വിളിയൊന്നുമില്ലാ
വെറും തോന്നലെല്ലാം വെറും തോന്നല്‍ മാത്രം!

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക