'പ്രതീതികള്‍'- ഡി. യേശുദാസ് എഴുതിയ കവിത

നിന്നോടൊപ്പം ഇണചേരുന്ന സ്വപ്നംകണ്ടുണര്‍ന്നതായിരുന്നു.പെട്ടെന്നു നിന്നെ  നഷ്ടപ്പെടുന്നുവെന്നുംഞാന്‍ ഒറ്റപ്പെടുകയാണെന്നും തോന്നി.
'പ്രതീതികള്‍'- ഡി. യേശുദാസ് എഴുതിയ കവിത

നിന്നോടൊപ്പം ഇണചേരുന്ന സ്വപ്നം
കണ്ടുണര്‍ന്നതായിരുന്നു.

പെട്ടെന്നു നിന്നെ  നഷ്ടപ്പെടുന്നുവെന്നും
ഞാന്‍ ഒറ്റപ്പെടുകയാണെന്നും തോന്നി.

റയില്‍പാളം മുറിച്ചുകടക്കെ ഞാന്‍ വീണു
നെറ്റി മുറിഞ്ഞു ചോര വന്നു

ആശുപത്രിയില്‍ മരുന്നുവയ്ക്കുന്നവര്‍
എന്തോ പറഞ്ഞു ചിരിച്ചു

ഇന്നത്തെ രസം കേള്‍ക്കണോ
വിരസതപോലെ ഭയങ്കരമായ ഒന്നില്ല
എന്നു ഞാന്‍ കണ്ടെത്തി.
അതോരോ നിമിഷവും ശ്വാസം മുട്ടിച്ച്
രക്തം തെറിപ്പിക്കും.

ഉച്ചക്ക് ഞാനൊന്നും കഴിച്ചില്ല.
വിരസതയിലുരഞ്ഞു വെയില്‍ പാളി.
വെയിലിലൂടെ വെറുതെ നടന്നു.
പുസ്തകശാലയില്‍ കയറി,
കാഫ്കയുടെ കഥകള്‍ വാങ്ങി,
ഭക്തിയോടെ വായിച്ചു.

ഒരു കവിയായി ജീവിച്ചു മരിക്കണം 
ഒരു കാമുകനായി മരിക്കണം
ഞാന്‍ ആഗ്രഹിച്ചു
ഒന്നിനും ഈ ലോകം അനുവദിക്കുന്നില്ല
ഞാന്‍ വിലപിച്ചു 
പക്ഷേ, എനിക്കാരുടെ അനുവാദം വേണമെന്ന
ചോദ്യത്തിന് ഒന്നും ചെയ്യാനില്ല.

അപ്പോഴാണ് 
ഒരു സിഗരറ്റ് വലിക്കാന്‍ തോന്നിയത് 
വലിച്ചത്
തലചുറ്റിയത്
മരച്ചോട്ടില്‍ മരവിച്ചിരുന്നത് 
ഉറക്കംപോലെന്തോ എന്നെ പിടിച്ചെടുത്തത് 

എത്രനേരം കഴിഞ്ഞു
സൂര്യന്‍ മങ്ങിമങ്ങി മടങ്ങുന്നു.
വീട് എന്നെ ആകര്‍ഷിക്കുന്നില്ല
ജീവിതം എന്നെ ആകര്‍ഷിക്കുന്നില്ല
നീയും എന്നെ ആകര്‍ഷിക്കുന്നില്ല
മദ്യം എന്നെ ആകര്‍ഷിക്കുന്നു
ഒറ്റപ്പെടല്‍ എന്നെ ആകര്‍ഷിക്കുന്നു
വിരസതയ്ക്കുള്ളില്‍ മദ്യം നിറച്ചു ലഹരി കൂട്ടുന്നു

വീണ്ടും നിന്റെയോര്‍മ്മ എന്നെ കീഴ്‌പെടുത്തുന്നു
'ഒരു തുണ്ട് കടലാണ്
ചുഴിയിട്ടു കിടക്കുന്ന നിന്നുദരം'
എന്ന കല്പനയില്‍ ഞാന്‍ മുങ്ങാങ്കുഴിയിടുന്നു
ഒരേസമയം ഞാന്‍ നിന്നിലേക്കു
വലിച്ചെടുക്കപ്പെടുന്നവനും  
വെറുക്കുന്നവനുമാകുന്നു.
ഒരേസമയം വിശ്വസിക്കയും
അവിശ്വസിക്കയും ചെയ്യുന്നു.
എന്നാലെനിക്ക് 
ഏത് ഒറ്റുകാരനേയും 
വിശ്വസിക്കുന്ന ഒരു പ്രകൃതമുണ്ട് 

രാത്രിയാവുന്ന നേരം
നഗരത്തില്‍ നില്‍ക്കുമ്പോള്‍ 
ആണൊരുത്തി വന്ന്
'നെറ്റിയില്‍ എന്താ ചേട്ടാ 
ആരെയാ നോക്കുന്നേ
എന്താ വേണ്ടേ?'
എന്നൊക്കെ ചോദിച്ചു
ഒന്നും പറയാതെ ഞാനവിടം വിട്ടു.
ഞാന്‍ നോക്കുന്നത് എങ്ങും കാണുന്നില്ല.

പ്രണയം ശരീരം വെറുപ്പ്
വിശ്വാസം അവിശ്വാസം ജീവിതം 
 എന്താണിവയൊക്കെ?
എനിക്കു വേണ്ടതെന്താണ് 
എന്നെനിക്കറിയാമോ?
 ഞാന്‍ ആലോചിച്ചു
ഒന്നും എന്നെ സംതൃപ്തമാക്കുന്നില്ല.
ഇടഞ്ഞു നില്‍ക്കുന്നവനല്ല
ഇണഞ്ഞുനില്‍ക്കുന്നവനാണ് ഭാഗ്യങ്ങളുള്ളത്.
ഒന്നും ഞാന്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നില്ല.
അപൂര്‍ണ്ണതയുടെ അപൂര്‍വ്വ ജനുസ്സാണ് ഞാന്‍

ഒന്നുറങ്ങാന്‍ തുടങ്ങുകയാണ് 
ചിലപ്പോള്‍ നാം സ്വപ്നത്തില്‍ ഇണചേരും
ചിലപ്പോള്‍ മറുസ്വപ്നത്തില്‍ ഞാന്‍ വിട്ടുപോകും 

പെട്ടെന്നൊരു കാര്യംകൂടി
എനിക്കു മനസ്സിലാവുന്നു:
നീ
ഇല്ലാത്തൊരു പെണ്ണാണ്.

എങ്കില്‍ 
ഉള്ള ഒരു മനുഷ്യനാണോ
ഞാന്‍?

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com