'എട്ടര ഒമ്പത് ഒമ്പതര'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ചന്ത സമയം ഒമ്പത്കാലിച്ചാക്കട്ടികള്‍ക്കിടയില്‍ കീറിപ്പൊളിഞ്ഞ കപ്പലണ്ടിത്തട്ട്ചതഞ്ഞും ചതയാതെയും നിലത്ത് ചിതറിക്കിടക്കുന്നു പൊതികള്‍
'എട്ടര ഒമ്പത് ഒമ്പതര'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ന്ത സമയം എട്ടര
തിരക്ക് കൂട്ടുന്നുണ്ടാളുകള്‍
തരിച്ചിരിക്കുന്നു കുട്ടയില്‍ 
ഐസിന്‍ തണുപ്പില്‍ മീനുകള്‍
പെടപ്പന്‍ ചാളേ ചൂരേന്നും
ചടയന്‍പൂച്ചയെ മൈരേന്നും
വെടിച്ചുകാറുന്നൊരു ചേടത്തി
കപ്പത്തട്ടിനരികെ കാന്താരിക്കും
ചക്കച്ചുളയ്ക്കുമിടം പിടിക്കാന്‍ 
ചട്ടന്‍നായയെച്ചവിട്ടുവാനായ്
മാക്‌സി തെറുത്തുടുത്തൊരുത്തി
വെറ്റക്കാരന് കണിയൊരുക്കി

കപ്പലണ്ടിപ്പൊതിത്തട്ടുമായി
ആള്‍ത്തിരക്കില്‍ തട്ടിമുട്ടി 
പാറുന്നൊരു പുള്ളിപ്പാവാട 
വായിട്ടലച്ചു വില്‍ക്കുന്നൊരുത്തന്‍
വാതത്തിനൊറ്റമൂലിത്തൈലം 
പഴയപുസ്തകത്തട്ടിലൊരു ബുജി
തിരയുന്നുണ്ടവാര്‍ഡ് കൃതികള്‍
'കല്യാണത്തേന്‍ നിലാ' മീട്ടുന്നു
കളിവീണ വില്‍ക്കുമണ്ണാച്ചി
പലിശക്കാരന്‍ പണ്ടാറടങ്ങാന്‍
നേര്‍ച്ചനേരുന്നു പൂക്കാരന്‍
തള്ളക്കും തരവഴിക്കും തുപ്പുന്നു  
തറവാടകപ്പിരിവ് തരകന്‍ 

ചന്ത സമയം ഒമ്പത്
കാലിച്ചാക്കട്ടികള്‍ക്കിടയില്‍ 
കീറിപ്പൊളിഞ്ഞ കപ്പലണ്ടിത്തട്ട്
ചതഞ്ഞും ചതയാതെയും നിലത്ത് 
ചിതറിക്കിടക്കുന്നു പൊതികള്‍
കറുപ്പില്‍ വെണ്‍പുള്ളികള്‍ പോല്‍
വറുത്ത കപ്പലണ്ടിമണികള്‍ 

ചന്ത സമയം ഒമ്പതര
മുഴുത്തൊരു ചൂരയും കമ്മി
മുങ്ങുന്നു ചടയന്‍പൂച്ച
ഒറ്റക്കുതിക്ക് ചട്ടന്‍നായ
വെറ്റക്കാരനെയൊരു കടി
ഒറ്റമൂലിത്തൈലഭരണി
തട്ടിമറിഞ്ഞ് വാട വീശി
പുസ്തകത്തട്ടില്‍ നൂറുവാട്ട്
ഒച്ചയോടെ വെടിച്ചുപൊട്ടി
ഇഴയറ്റ് കളിവീണയില്‍ 
ശ്രുതി തെറ്റി  തേന്‍നിലാവ്
കലിപ്പിലാരോടോ മിണ്ടുന്നേരം
പലിശക്കാരന്റെ മൊബൈല് കത്തി
താങ്ങിനിര്‍ത്തിയ തൂണൊരെണ്ണം
ചാഞ്ഞു പൂക്കട നിലംപൊത്തി   
തള്ളിനിന്നൊരു പലക തട്ടി
തല പെരുത്ത് നിന്നു തരകന്‍

ആളുകള്‍ക്ക് നടുവിലാരോ
ആഞ്ഞലച്ചു മറിഞ്ഞുവീണു 
ഐസൊലിച്ചു നനഞ്ഞ തറയില്‍
ചോരവാര്‍ന്നു ചുവന്നു മെല്ലെ
വീണതാരെന്നതറിയുവോളം 
ചന്ത സമയം നിലച്ചുനില്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com