'ഹാ... വിഷാദമേ...'- അഥീന നിരഞ്ജ് എഴുതിയ കവിത

നേരമിത്തിരിയുണ്ട്...കണ്ണുകള്‍ കനപ്പിച്ചെഴുതിയാലോ... വേണ്ട...വിളര്‍ത്തു മിന്നുന്നതാണ് നന്ന്...നെറ്റിയിലെ ഇളം ബിന്ദി...
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

നേരമിത്തിരിയുണ്ട്...
കണ്ണുകള്‍ കനപ്പിച്ചെഴുതിയാലോ... വേണ്ട...
വിളര്‍ത്തു മിന്നുന്നതാണ് നന്ന്...
നെറ്റിയിലെ ഇളം ബിന്ദി...
ജറികള്‍ പിന്നിയ കസവു ചുന്നിയിലെ
നീലാമ്പല്‍ പൂവ്...
നനഞ്ഞ മുടിയിഴകള്‍ അഴിച്ചുവിടര്‍ത്തി 
ചിന്നിയ കാറ്റിലൂടെ തെന്നിത്തെന്നുമ്പോള്‍
പിന്‍കഴുത്തിലെ തണുപ്പില്‍
പൂവാംകുരുന്നില...
നനുത്ത നേര്‍മകള്‍ എനിക്കിഷ്ടമാണ്
വലിച്ചുമുറുക്കങ്ങളില്ലാതെ
പതുക്കെ... പറ്റിയങ്ങനെ...
രസിച്ചു രസിച്ച നടത്തയില്‍
വിരിഞ്ഞ പിലാശുകള്‍
ഒപ്പത്തിനൊപ്പം...

വിശപ്പു മുറ്റിയ പൈക്കിടാവിന്റെ 
കൂമ്പിയ കണ്ണുകള്‍,
ഉള്ളാകെ നിറഞ്ഞതുകൊണ്ടാവാം
ഠാക്കൂര്‍ തലപ്പാവുകള്‍,
മൂര്‍ച്ചയേറിയ കൊള്ളി നോട്ടങ്ങള്‍...
കൊണ്ടറിഞ്ഞേയില്ല.
തണ്ടുണങ്ങിയ
കനച്ച പാടങ്ങളില്‍ 
മുളച്ചുപൊന്തിയ പച്ചക-
ളരിഞ്ഞെടുക്കുമ്പോലെ,
തുപ്പലൊട്ടിയ ഇളം നാവ്  
ചോരനീലിച്ച്  എരിഞ്ഞു ചാകുമ്പൊഴും
നീട്ടി മൂളുന്ന പട്ടുനൂല്‍ പാട്ടുകള്‍...
വലിച്ചുകീറിയ കമ്മീസില്‍
നീലച്ചുന്നിയില്‍
ഇളം ചൂടു പറ്റിയ 
മിനുത്ത ഇഷ്ടങ്ങളില്‍
എന്റെ പിലാശു പൂക്കളില്‍
കനത്ത ഉപ്പു ലായനി
പാഞ്ഞു പാഞ്ഞ്...
ഒടിഞ്ഞു നുറുങ്ങിയ
ഉണക്കത്തണ്ട്...

എത്ര ഇഷ്ടമായിരുന്നു,
എനിക്കെന്നോട്...
വേഗമില്ലാതെ ശോഷിച്ച 
കൊച്ചു കാല്‍പ്പാദത്തോട്
അന്നാദ്യമായി
വളരെ ...വളരെ... പാവം തോന്നി...
  
''പടര്‍ന്ന പാല്‍വള്ളി തേടി...
വൈലിതള്‍ ചൂടി...
ശ്യാമമാം ഗ്രാമമണ്ണു പെറ്റൊര-
പ്പെണ്‍കൊടിയാള്‍''...*
കറ്റ മണക്കുന്ന 
നെല്‍പ്പാടത്തില്‍

*  വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലില്‍ നിന്ന് ഉദ്ധരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com