'മരണം എന്ന കുട്ടിക്കളി'- മധു കൊഴുവില്‍ എഴുതിയ കവിത

മരണം വെറുമൊരു കുട്ടിക്കളിയാണ്.ശ്വാസവും പ്രാണനും ഒളിച്ചു കളിക്കാന്‍ തുടങ്ങുന്നത് അന്നേരമാണ്.കുളം കര എന്ന് കൃഷ്ണമണികള്‍ ചാടിത്തുള്ളി ആവേശം കൊള്ളും
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

രണം വെറുമൊരു കുട്ടിക്കളിയാണ്.

ശ്വാസവും പ്രാണനും ഒളിച്ചു കളിക്കാന്‍ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികള്‍ 
ചാടിത്തുള്ളി ആവേശം കൊള്ളും.

വയര്‍ വീര്‍പ്പിച്ചും ധമനീശാഖികളില്‍ തൂങ്ങിയാടിയും 
ശ്ലേഷ്മങ്ങള്‍ ഉത്സവപ്പറമ്പിലെ ബലൂണ്‍ കുട്ടി കുസൃതിയാകും.

ഒറ്റയ്ക്കാകും എന്ന് പേടിച്ചിട്ടാകും 
ചില അലമ്പ് കോശങ്ങള്‍ കോലുമിട്ടായീം ഈമ്പി 
മറ്റുചിലവന്മാര്‍ക്കൊപ്പം തോളില്‍ കയ്യിട്ട് 
ഒരുമിച്ച് നടന്നുതുടങ്ങുന്നത്.

കള്ളമടി കാട്ടി പുതപ്പിലൊളിച്ച പനിക്കുഞ്ഞുങ്ങളെപ്പോലെ 
ചില വിറയലുകള്‍ ദേഹം മൊത്തം തരിപ്പിക്കും.

മഷിത്തണ്ട് പൊട്ടിച്ച് സ്ലേറ്റക്ഷരങ്ങള്‍ മായ്ക്കുന്നപോലെ 
സിരകളില്‍ രക്തം 
ചൂട്, തുടിപ്പ് എന്നീ വാക്കുകള്‍ മായ്ചുകളയും.

നാലുമണി വെപ്രാളത്തില്‍ പാഞ്ഞോടാന്‍ വെമ്പുന്ന 
കുതിപ്പുപോലെ ഊര്‍ദ്ധ്വന്‍ അനന്തതയെ കാത്തുനില്‍ക്കും.
ദേശീയഗാനത്തിന് അറ്റന്‍ഷന്‍ കാക്കുന്നതുപോലെ 
മിടിപ്പുകള്‍ നിശ്ചലമാകും.
പതിയെ പതിയെ നുണഞ്ഞിട്ടും തീരാത്ത കല്ലുമുട്ടായിപോലെ 
ദേഹം പരുപരുത്തു കിടക്കും.

ജീവിതത്തിന്റെ മരണക്കളി കഴിഞ്ഞുള്ള വീടോട്ടമാണ് മരണം.

ഒരു പൂ ഞെട്ടറ്റ് വീഴുന്ന സുഖത്തോടെ, 
കുട്ടിത്തത്തോടെ 
ഒരാള്‍ മരിച്ചുവീഴുന്നതിനെക്കാള്‍ 
സുന്ദരമായ കാഴ്ച വേറെന്തുണ്ട്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com