'ചിതറിയ കവിതകള്‍'- പദ്മദാസ് എഴുതിയ കവിത

ജാതകം യക്ഷി, കരിമ്പനയില്‍ക്കയറ്റിചോര കുടിച്ച തരുണന്റെ രക്തംഇറ്റുവീണ കരിമ്പനയോലയിലാണെന്റെജാതകമെഴുതിയത്
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ജാതകം 
യക്ഷി, കരിമ്പനയില്‍ക്കയറ്റി
ചോര കുടിച്ച തരുണന്റെ രക്തം
ഇറ്റുവീണ കരിമ്പനയോലയിലാണെന്റെ
ജാതകമെഴുതിയത്.
കുത്തു വിടര്‍ത്തി വായിക്കുമ്പോള്‍
ഇപ്പോഴുമുയിര്‍ക്കുന്നുണ്ടതില്‍
ചോരപ്പാടുതിണര്‍ത്ത
യാതനാജീവിതത്തിന്റെ
കൈക്കുറ്റപ്പാടുകള്‍!

ഏകലവ്യന്‍ 
ഒരൊറ്റ നായ്ക്കുരയാണ്
പരിശീലിത വിദ്യകളെയത്രയും
പാഴാക്കിക്കളഞ്ഞത്.
അധിനിവേശിച്ചെത്തിയ
അരചവൃന്ദത്തിനു മുന്നില്‍
അപായം മണത്തു കുരച്ചവന്റെ
കുരയുടെ ഉറവിടത്തിലേയ്ക്ക്
കൃത്യതയോടെ കുലച്ച അമ്പുകളാണ്
ആര്‍ജ്ജിതവിദ്യകളുടെയത്രയും
പെരുവിരലറുത്തത്.

വേട്ട 
കുന്തം ചാരിവെച്ച്
കാവല്‍ക്കാരുറങ്ങുമ്പോള്‍
കാട്ടിലെ ഓടലെണ്ണയില്‍
പന്തങ്ങള്‍ കത്തിച്ച്
കൊട്ടാരം വളയുന്നു
രാത്രിയില്‍ ഗോത്രവര്‍ഗ്ഗം.
മൃഗയയ്ക്കിടെ
രാജശസ്ത്രം
അവരിലൊരാളുടെ
ജീവനെടുത്തിട്ടുണ്ട്!

അനുയാത്ര 
ചുവട്ടില്‍ ഇരുമ്പുചുറ്റുള്ള
ഒരു ഊന്നുവടി;
തേഞ്ഞുപഴകിയ പാദരക്ഷകള്‍;
നരച്ച ഒരു കാലന്‍ കുട-
എല്ലാം, സഹതാപത്തോടെ
അനുയാത്ര ചെയ്യുന്നു
പുഴയിലൂടൊഴുകുന്ന
ചെമ്പട്ടുപൊതിഞ്ഞ
ഒരു ഭസ്മകലശത്തെ!

വീഴാത്ത പൂ 
വാടിവീണ പൂ
കൂടുതല്‍ വാടുന്നതിനു മുന്‍പ്
അതിനുമീതെ വന്നുവീഴുന്നു
മറ്റൊരു വാടിയ പൂ.
തന്റെ അമരത്ത്വത്തെക്കുറിച്ചുള്ള
നിറം പിടിപ്പിച്ച
സ്വപ്നങ്ങളിലാണിപ്പോഴും
ചെടിയിലെ വാടാത്ത പൂ.

പോരാളി 
അവരെനിക്കു സ്വാതന്ത്ര്യം
നിഷേധിച്ചു.
വലംകയ്യില്‍ ഞാനൊരു
ദേശാടനക്കിളിയെ പച്ചകുത്തി.
അവരെന്റെ വാക്കുകള്‍ നിരോധിച്ചു.
കയ്യില്‍ ഞാനൊരു
ഉച്ചഭാഷിണിയുടെ ചിഹ്നം പച്ചകുത്തി.
അവരെന്റെ പാട്ടുകള്‍ കണ്ടുകെട്ടി.
എന്റെ കൈത്തണ്ടയിലതാ ഒരോടക്കുഴല്‍.
ഇനിയൊട്ടും കാത്തുനില്‍ക്കുന്നില്ല
എന്റെ കയ്യില്‍
മുന്‍കൂറായി ഞാന്‍ പച്ചകുത്തുന്നു
അവര്‍ കൊണ്ടുവരാന്‍ പോകുന്ന
കൈവിലങ്ങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com