'വരകള്‍'- കെ. ജയകുമാര്‍ എഴുതിയ കവിത

ഒറ്റ വര മതി; അകവും പുറവുമുണ്ടാകാന്‍.വരയ്ക്കിരുപുറം നിങ്ങളും  ഞങ്ങളും നിലയുറപ്പിക്കാന്‍
'വരകള്‍'- കെ. ജയകുമാര്‍ എഴുതിയ കവിത

റ്റ വര മതി; 
അകവും പുറവുമുണ്ടാകാന്‍.
വരയ്ക്കിരുപുറം 
നിങ്ങളും  ഞങ്ങളും നിലയുറപ്പിക്കാന്‍.
ഒന്നിച്ചുറങ്ങിയവരെ പുലരും മുമ്പേ 
വകഞ്ഞുമാറ്റാന്‍. 
 
ചിലപ്പോള്‍ വരപ്പുഴു തക്ഷകനായി വളരും.
ചില വരകള്‍ അസ്ത്രങ്ങളായി ചീറും.
ചിലപ്പോളവ തീക്കളങ്ങള്‍ വരയ്ക്കും      

പേരറിയാത്തവരുടെ ശ്മശാനത്തെ 
അതിരുകെട്ടിയടയ്ക്കുന്ന വരകളുണ്ട്.
ഒറ്റക്കണ്ണന്‍ മന്ത്രവാദിയുടെ  
ശാപവടിയായി കുറുകുന്ന വരകളുണ്ട്.
ആരെയും തൊട്ട്  ഗണശത്രുവാക്കുന്ന മന്ത്രവടി.
ചോദ്യങ്ങളുടെ കഴുത്തില്‍ മുറുകുന്ന വരകളുണ്ട്. 
പുറം വാതിലില്‍ വന്ന് 
രഹസ്യചിഹ്നം വരച്ചിടുന്ന രാത്രികാല വരകളും
ഭീതിയുടെ മണം  വമിക്കുന്ന വരകളുമുണ്ട്   

ചില വരകള്‍ വെറുപ്പ് കൊണ്ട് ചീര്‍ക്കും 
ചില വരകളില്‍ പച്ചമാംസം മണക്കും 
അങ്ങാടികളില്‍ അവ വിദ്വേഷവേലി കെട്ടും.
അയല്‍വീട്ടിനു ചുറ്റും  
മതിലുകളായി വളരും.  

കുഞ്ഞുങ്ങള്‍ പട്ടം പറത്തുന്ന മൈതാനങ്ങളില്‍  
വരകള്‍ ചുമരുകെട്ടും.
വളര്‍ന്ന് വളര്‍ന്ന് ചുമരുകള്‍ക്ക്
ആകാശപ്പൊക്കമാകും. 
വെളിച്ചവും വായുവും കിട്ടാതെ  കിട്ടാതെ  
അവിടെ മരണം സ്വയംഭൂവാകും. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com