'കിളിയാട്ട്'- റെജു എഴുതിയ കവിത

നെല്‍ച്ചെടികളില്‍ കതിര്‍ വളഞ്ഞപ്പോള്‍പാടത്ത് കിളിയാട്ടാന്‍ പോയി
'കിളിയാട്ട്'- റെജു എഴുതിയ കവിത

നെല്‍ച്ചെടികളില്‍ കതിര്‍ വളഞ്ഞപ്പോള്‍
പാടത്ത് കിളിയാട്ടാന്‍ പോയി

നെല്‍പ്പാടത്തിന്റെ പരപ്പില്‍
വിരിച്ചുകിടക്കുന്ന വെയിലില്‍ നിറയെ 
കതിരുകൊത്തി  പറക്കുന്ന
പച്ചനിറ ചിലപ്പുകള്‍

ആ കാഴ്ചയിലേക്കു നോക്കി
അവള്‍ കരയിറമ്പത്ത് നില്‍ക്കുന്നു

പിടിത്താളിലെ കിലുക്കങ്ങള്‍
അരിഞ്ഞ് തൂളിച്ചുകൊണ്ടാണല്ലോ
അവയുടെ അറമാദിക്കലെന്നോര്‍ത്തതും
പിന്നെ ഞാനധികം  മിഴിച്ചുനിന്നില്ല

ഒരു പടക്കത്തിന്
ബീഡിത്തീ പറ്റിച്ച്
വെയിലിന്റെ
നിശ്ശബ്ദതയിലേക്കെറിഞ്ഞു

അതിന്നൊച്ച കിളികളെ തൊടുത്തതും
നെല്‍നിലം കൂട്ടത്തോടെ പറന്ന്
മരങ്ങളുടെ ഉച്ചാന്തലകളില്‍
മായുന്നതായി തോന്നി

തോട്ടില്‍ കാലുരച്ച് കഴുകിക്കൊണ്ടവള്‍
കിളികളെ ഒളിപ്പിച്ച മരങ്ങള്‍
ഒഴുക്കിന്റെ കണ്ണാടിയില്‍
തലകുത്തി നില്‍ക്കുന്നത് കാട്ടിത്തന്നു

രാത്രിക്ക് വീടിന്റെ കണ്ണു വെട്ടിച്ച്
അവളുടെ മുറിയില്‍ കടന്നപ്പോള്‍
ഞാന്നുകിടക്കുന്ന സീലിംഗ്ഫാന്‍
അതുകണക്കൊരു മരമെന്നു തോന്നി

പടക്കത്തിന് തീ പകര്‍ത്തുന്നതോര്‍ത്ത്
അതിന്റെ സ്വിച്ചില്‍ വിരല്‍ തൊട്ടു
ചിറകു വിടര്‍ത്തി പൊന്തി
നാലു നാനായിരം കിളികള്‍

അലകളായിട്ടവ പറക്കുന്ന
സീറോവാട്ടിന്റെ വെട്ടത്തില്‍ ഞങ്ങള്‍
മെത്തക്കിടക്കയില്‍ സിരിപ്പു കൊത്തി
പറക്കുന്ന രണ്ട് കിളിച്ചിലപ്പുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com