'ഗോളാന്തരങ്ങളില്‍'- ശ്യാമ എന്‍.ബി എഴുതിയ കവിത

ആലെന്നോബോധിവൃക്ഷമെന്നോഓര്‍ത്തെടുക്കും മുന്‍പെകാട്ടിലോരോമരവുംഒറ്റയെന്നറിഞ്ഞു
'ഗോളാന്തരങ്ങളില്‍'- ശ്യാമ എന്‍.ബി എഴുതിയ കവിത

കലുറക്കത്തിന്റെ ഒരു നാഴിക
ഇലകളില്ലാത്ത
വന്‍മരത്തിന്റെ
ചോട്ടിലേക്ക് എടുത്തെറിയപ്പെട്ടു

ആലെന്നോ
ബോധിവൃക്ഷമെന്നോ
ഓര്‍ത്തെടുക്കും മുന്‍പെ
കാട്ടിലോരോമരവും
ഒറ്റയെന്നറിഞ്ഞു

കാടേറി കാട്ടാററിഞ്ഞവര്‍
കാവുതീണ്ടി തിരിച്ചുപോകെ
ബോധം നശിച്ചവന്
ബോധിവൃക്ഷച്ചോട്ടില്‍
അഭയം തരാനൊരു ബോധിയില്ല.
ഭീതിയുടെ കരിമ്പടം പുതച്ചിതാ
ആകാശ ചെരുവിലാ
സൂര്യന്‍ മറഞ്ഞിരിപ്പൂ
ദിശതെറ്റിവന്ന കാറ്റിരുളില്‍
നിഴലിന്നുയിരേകേ
കേള്‍പ്പതുണ്ടകലെ
പെരുമ്പറ മുഴക്കങ്ങള്‍
പേടി കൂട്ടീടുന്ന
കാട്ടുസഞ്ചാരങ്ങള്‍

ഉണ്മതേടിയലഞ്ഞ പഥികന്‍
തന്നിലേക്ക് മടങ്ങവേ
സംസ്‌കാരത്തെ ചേറ്റിപ്പെറുക്കി
കിട്ടിയ കല്ലുംമുള്ളും കൊണ്ടൊരാള്‍
തായ്‌വേരുകള്‍ തിരയുന്നു...
ഗോളാന്തരങ്ങളില്‍ ആന്ത്രോപോസ്
നരവംശശാസ്ത്രം കുറിക്കുന്നു

ആരോ പറഞ്ഞൊരു വാക്കിന്റെ
പാഴ്‌മൊഴി താളം
ചെവിട്ടിലലയടിക്കെ
കത്തും കാടിന്റെ നാഡിയില്‍
വറ്റാത്ത നീരാകുവാന്‍
മണ്ണിന്നുറവ തേടുന്നു ഞാന്‍

ആകാശവേരിലൂടൂര്‍ന്നെത്തി ഒരുമഴ
ചേലോടെ പെയ്തങ്ങുടല്‍ നനയ്‌ക്കെ
മൃതിയെഴാപക്ഷിക്ക്
ചേക്കേറുവാന്‍ തളിര്‍
ചില്ലകള്‍ കിളിര്‍ക്കുന്ന
ശാഖിയാകുന്നു ഞാന്‍.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com