'തുറയിലച്ചന്‍'- ഡി. അനില്‍കുമാര്‍ എഴുതിയ കവിത 

തുറയിലച്ചന്‍ പറഞ്ഞാ പറഞ്ഞതാ കാറ്റ് തെക്കെന്നാല്‍ തെക്കോട്ട്വടക്കെന്നാല്‍ വടക്കോട്ട്പറന്നുയരുന്ന പരുന്തിന്റെ ചുണ്ടത്ത് നിറം കണ്ടാല്‍മീനേതെന്ന് കൃത്യം
'തുറയിലച്ചന്‍'- ഡി. അനില്‍കുമാര്‍ എഴുതിയ കവിത 

തുറയിലച്ചന്‍ പറഞ്ഞാ പറഞ്ഞതാ 
കാറ്റ് തെക്കെന്നാല്‍ തെക്കോട്ട്
വടക്കെന്നാല്‍ വടക്കോട്ട്
പറന്നുയരുന്ന പരുന്തിന്റെ ചുണ്ടത്ത് 
നിറം കണ്ടാല്‍
മീനേതെന്ന് കൃത്യം

മരുതാണിക്കാടിനും
കരുപ്പെട്ടി സന്ധ്യക്കുമിടയില്‍
നൂറ്റാണ്ടു പിന്നിട്ട് പ്രതിഷ്ഠിച്ച 
തെയ്യമാണ് തുറയിലച്ചന്‍ 

രാത്രിയില്‍ 
കെട്ടുന്നു 
ആടുന്നു

വീട് വീടാന്തരം വന്നു പറയുന്നു
ഇന്ന്‌വ്‌ടെ ചാവൊണ്ട്
ഇബ്‌ടൊരു കോളുണ്ട്

പിരിവലയില്‍ 
തേങ്ങാക്കൊത്തും ശര്‍ക്കരയും വച്ച്
ജപിക്കുമ്പോള്‍ 
തുറയിലച്ചന്‍ വണങ്ങുന്നു 
തുറയിലച്ചനെത്തന്നെ 

വല കോരുമ്പോള്‍ ഒരു തുണ്ട് 
തുറയിലച്ചന്
പുര മേയുമ്പോള്‍ പച്ചോലപ്പങ്ക് തുറയിലച്ചന്
കിളിഞ്ചീലയില്‍ തുട്ട്
പണ്ടക്കാഴ്ച തുറയിലച്ചന്

മണല്‍ത്തരികളെ നോക്കി അച്ചന്‍ പറയും:
ആണ്‍പിറ
വെയില്‍തുളികളെ നോക്കി അച്ചന്‍ പറയും:
പെണ്‍പിറ

പതിഞ്ഞ കാലടികള്‍
മണത്തു നോക്കി
ഓതും
പൂര്‍വ്വികരുടെ രാവ് തിരണ്ട കഥ

അച്ചോ അച്ചോ
വാവിന്റെ വെട്ടം
നീരിളക്കം
വാടക്കാറ്റിന്‍ വാഴ്ച

അച്ചോ അച്ചോ
നാട്ടുകൂട്ടം
തൊറമൊടക്കം
കടല്‍കോടതി

അച്ചോ അച്ചോ
കുടിച്ചിട്ടോ 
കര്‍പ്പ് കാക്കാഞ്ഞിട്ടോ
പോയൊളിച്ചു പെരുമീന്‍കൂട്ടം

അഴിഞ്ഞഴിഞ്ഞു വീഴും
ഒച്ചയ്ക്കുത്തരമായ്
നിശബ്ദമാകും 
അച്ചന്‍

അമാവാസിയില്‍ 
മാനത്ത് നോക്കി
ഗണിക്കും

കുന്തിരിക്കം
കാറിത്തുപ്പല്‍
പൊക

ഏനക്കേട് പോക്കി
ഉള്ളംകയ്യില്‍ വച്ചു തരും 
തുറയെ

അച്ചന്‍ പറഞ്ഞതേ കേട്ടിട്ടുള്ളൂ കടല്‍
അച്ചന്‍ പറയാതൊഴിഞ്ഞതേ കണ്ടിട്ടുള്ളൂ കടല്‍

****

അച്ചന്മാര്‍ മാറി
അച്ചാരം പറ്റുന്നവരച്ചന്മാരായി
കീരിച്ചാളയിന്‍ കുരലിലിരുന്നൊരാള്‍ 
ചോദിക്കുന്നു:
കെട്ടണോ
പിണിയൊഴിക 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

* തുറയരയന്‍, തുറയിലാശാന്‍ എന്നെല്ലാം വിളിക്കപ്പെടുന്ന തുറമൂപ്പന്‍. തുറയുടെ തിട്ടവും ദീനവും അറിഞ്ഞിരുന്ന തുറമൂപ്പന്മാരുടെ കാലം കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com