'കുറ്റിക്കാട്'- വിനു ജോസഫ് എഴുതിയ കവിത

By വിനു ജോസഫ്  |   Published: 19th November 2022 03:04 PM  |  

Last Updated: 19th November 2022 03:04 PM  |   A+A-   |  

p2

 

ട്ട കുറ്റികളെല്ലാം
മരങ്ങളായെങ്കില്‍...
ഇലകളിലങ്ങനെ
ഇളങ്കാറ്റടിച്ചെങ്കില്‍.
ചില്ലകളിലെമ്പാടും
കിളിയിരുന്നെങ്കില്‍.
തേനീച്ചകള്‍ വന്ന്
തേന്‍ കട തുറന്നെങ്കില്‍.
ഊഞ്ഞാലി,ലാട്ടങ്ങള്‍
ഈണം നിറച്ചെങ്കില്‍.
പഴം പെറുക്കുവാന്‍
കുട്ടികള്‍ വന്നെങ്കില്‍.
കാല്‍ കഴച്ചൊരാള്‍
ചോട്ടിലിരുന്നെങ്കില്‍.
കോവലും പാവലും
മേപ്പോട്ട് ചെന്നെങ്കില്‍.
പൊത്തി,ലാ പയ്യന്റെ
സൂത്രമൊളിച്ചെങ്കില്‍.
മറവില്‍ നിന്നൊരുവ,ളാ
ഉമ്മയറിഞ്ഞെങ്കില്‍.
അമ്പിളിത്തെല്ലിനെ
തുഞ്ചത്തു വച്ചെങ്കില്‍.
നട്ട കുറ്റികളെല്ലാം
മരങ്ങളായെങ്കില്‍...

നട്ടുച്ച വെയിലിന്റെ
താറുടുത്ത്,
നാട്ടുവഴിയീട്ടത്ത്
വെട്ട് കാത്ത്,
സ്വപ്നത്തിലെന്നപോല്‍
വരിക്കത്തള്ള
ഏതേതു വിത്തിന്
വെള്ളം കോരി!

വേരിലും കായ് വന്ന
പോയകാലം, 
അതിവേഗ വണ്ടിയായ്
മിന്നിമാഞ്ഞു.

നട്ട കുറ്റികളെല്ലാം
മരങ്ങളായെങ്കില്‍...

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക