'കാട്ടിലെ തുണിക്കട'- ടി.പി. രാജീവന്‍ എഴുതിയ കവിത

By ടി.പി. രാജീവന്‍  |   Published: 22nd November 2022 04:55 PM  |  

Last Updated: 22nd November 2022 04:55 PM  |   A+A-   |  

tp rajeevan

 

കുരങ്ങന്‍മാരെ സ്‌നേഹിക്കുന്നവര്‍
വിഷമിക്കേണ്ടതില്ല
ഏറ്റവും നല്ല 
അടിവസ്ത്രങ്ങളാണവ.
അവയെ ധരിച്ചാണ് 
രാമലക്ഷ്മണന്‍മാര്‍ 
ഇതിഹാസജീവിതം ജീവിച്ചത്.
ധരിക്കുന്നവര്‍ക്ക് ആവശ്യമുള്ള 
ചലനങ്ങളെല്ലാം 
അവ നല്‍കും.

മാര്‍ക്കച്ചയ്ക്ക് 
മാന്‍പേടകളെക്കാള്‍ 
അനുയോജ്യമായ 
മറ്റൊരു വസ്ത്രമില്ല.
മാര്‍ച്ചട്ടയ്‌ക്കോ, 
അപ്പോള്‍ വിരിഞ്ഞ തളിരിലകളും.
കൂര്‍പ്പായാലും പരപ്പായാലും 
മുഴുപ്പായാലും ശുഷ്‌കതയായാലും 
സമൃദ്ധിയായാലും 
അവ എളുപ്പം ലഭിക്കും.
വെനിസ്വെലന്‍ ലോകസുന്ദരിയുടെ 
നിമിഷം വച്ച് മാറുന്ന മാര്‍ഭാവങ്ങള്‍ 
നിങ്ങള്‍ കണ്ടില്ലേ?

തലേക്കെട്ടിന് കടുവയെക്കാളും 
പുള്ളിപ്പുലിയേക്കാളും പറ്റിയ ഒന്ന് 
വേറെ ഇല്ല
ആരെയും കാണുമ്പോള്‍ നിങ്ങള്‍ക്ക് 
അത് അഴിക്കേണ്ടി വരില്ല

പിന്നെയുമുണ്ട് അലങ്കാരങ്ങള്‍.
കരിവള, കാല്‍വള, മോതിരം 
എന്നിങ്ങനെ- 
കരിന്തേള്‍, പഴുതാര മുതലായവ 
ഇതിനുള്ളതാണ്.

പല്ലികളെ ഒരിക്കലും 
ഉപയോഗിക്കരുത്.
പക്ഷികളില്‍ പരുന്തിനെയും കഴുകനെയും 
മാത്രമേ ഉപയോഗിക്കാവൂ.

ഈ പറഞ്ഞതൊന്നും 
വസ്ത്രങ്ങളോ അലങ്കാരങ്ങളോ 
മാത്രമല്ല, 
അത് നിങ്ങളുടെ 
പ്രാണരക്ഷായുധങ്ങള്‍ കൂടിയാണ്.
ഇവ അണിഞ്ഞ് 
കലാപഭൂമിയില്‍ ചെന്നാല്‍ 
നിങ്ങളുടെ നേര്‍ക്ക് 
ആരും വടിവാള്‍ എറിയുകയില്ല. 
കത്തി കുത്തിക്കയറ്റുകയുമില്ല.
ഇവ അണിഞ്ഞ് 
യുദ്ധഭൂമിയില്‍ ചെന്നാല്‍ 
നിങ്ങളുടെ നേര്‍ക്ക് 
ആരും മിസൈലോ ബോംബോ 
വര്‍ഷിക്കുകയില്ല.

പ്രകൃതിക്ക് നേരെ 
നിറയൊഴിക്കുന്നവനെ 
പ്രകൃതി തന്നെ നേരിട്ടു കൊള്ളും.


(മരണം സംഭവിക്കുന്നതിനു തലേന്ന്  (നവംബര്‍ ഒന്നിന്) 
കവി ടി.പി. രാജീവന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഭാര്യ പി.ആര്‍ സാധനയ്ക്ക് പറഞ്ഞുകൊടുത്ത് എഴുതിയ കവിത)