'അത്രയൊന്നും സുന്ദരമല്ലാത്ത...'- ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത

പൊട്ടിവീണ വെളിച്ചത്തെപ്രഭാതം എത്തിപ്പിടിക്കും മുന്‍പേചവിട്ടടിയില്‍ തേച്ചുപാഞ്ഞുപോയി നല്ലനടപ്പുകാര്‍
'അത്രയൊന്നും സുന്ദരമല്ലാത്ത...'- ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത

പൊട്ടിവീണ വെളിച്ചത്തെ
പ്രഭാതം എത്തിപ്പിടിക്കും മുന്‍പേ
ചവിട്ടടിയില്‍ തേച്ചു
പാഞ്ഞുപോയി നല്ലനടപ്പുകാര്‍

പണ്ടു കാടായിരുന്നിതെന്ന്
മൂടല്‍മഞ്ഞ് മാത്രം ഓര്‍ക്കവേ
ആദ്യവാഹനമുരള്‍ച്ചയില്‍
തകര്‍ന്നു വന്യനിശബ്ദത

വീടുതേടി,യലസം നടക്കുമൊരു
ദീര്‍ഘദൂരയാത്രികന്‍
കോട്ടുവായാല്‍ തുറന്നിട്ടു
പോയരാവിന്‍ കെട്ടഗന്ധം

പറന്നുവീണ മാലിന്യക്കൂട്ടില്‍
ഇര തേടുമൊരു കാകന്‍
ചികഞ്ഞെടുത്തു മാറ്റുന്നുണ്ട്
ദുഷിപ്പിന്റെ ലവണാംശം

തുറക്കും വാതിലെന്നു കാത്ത്
തെരുവിലേയ്ക്കു പടരുവാന്‍
കെട്ടിക്കിടപ്പുണ്ട് വീടകങ്ങളില്‍
ആസക്തിതന്‍ അധോസ്വരം

മാള്‍ക്കാവല്‍ക്കൂടിന്‍മറവില്‍
മുമ്പിവിടെയുണ്ടായിരുന്നതിന്‍ സ്മരണയെ
മൂത്രത്താല്‍ വരച്ചിട്ട്, വാലാട്ടുന്നുണ്ട്
ബെല്‍റ്റിട്ടൊരു തെരുവുപട്ടി

മണത്തെത്തും പൊലീസ് നായക്ക്
കീഴടങ്ങും മുന്‍പേ, അവസാനതിളക്കം
കാത്തിരുളില്‍ മറഞ്ഞിരുപ്പുണ്ട്
ചോരയില്‍ കുളിച്ചൊരു തൊണ്ടിമുതല്‍.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com