'കാണാക്കണക്ക്'- ഡി. സന്തോഷ് എഴുതിയ കവിത

എങ്ങുമേ കാണുന്നില്ല പൂര്‍ണ്ണസംഖ്യകള്‍ പിന്നെ, ഉള്ളതോ? നമ്മള്‍ കുറേ ഭിന്നസംഖ്യകള്‍ മാത്രം
'കാണാക്കണക്ക്'- ഡി. സന്തോഷ് എഴുതിയ കവിത

ങ്ങുമേ കാണുന്നില്ല 
പൂര്‍ണ്ണസംഖ്യകള്‍ 
പിന്നെ, ഉള്ളതോ? നമ്മള്‍ കുറേ 
ഭിന്നസംഖ്യകള്‍ മാത്രം.

കൂട്ടിയാലിത്രത്തോളം
കുറഞ്ഞാലുമിത്രത്തോളം
തങ്ങളില്‍ ഗുണിച്ചാലും
ഒന്നൊന്നുമാകാത്തവര്‍
കാലവും ഹരിക്കുന്നൂ
ശേഷിച്ച മൂല്യങ്ങളെ.

ഒന്നിച്ചിരിക്കുമ്പോഴും
രണ്ടായി മുറിഞ്ഞവര്‍,
അംശവും ഛേദവും തമ്മി 
ലെപ്പോഴുമക്കപ്പോര് 
കണക്കാണെല്ലാമെല്ലാം! 

മേല്‍ത്തട്ടിലിരിപ്പവര്‍ 
പൂര്‍ണ്ണരായ് സ്വയമെണ്ണി;
താരാധികാരത്തോടെ
ചരിത്രം കുറിക്കുന്നു 

ചവിട്ടിത്താഴ്ത്തപ്പെട്ട്
കീഴ്ത്തട്ടിലടിപ്പെട്ട
ജ്ഞാതികള്‍ വേരോടെന്തോ
പറിക്കാന്‍ ശ്രമിക്കുന്നു

ഭിന്നസംഖ്യകള്‍ നമ്മ
ളക്ഷരാര്‍ഥത്തില്‍ത്തന്നെ
ഭിന്നിച്ചു നിന്നങ്ങനെ 
കാലത്തെയളക്കുന്നു
എത്രയന്വര്‍ത്ഥം വാക്കു
മര്‍ത്ഥവും യാഥാര്‍ത്ഥ്യവും!

സംഖ്യകള്‍ക്കിടയ്‌ക്കെന്ത്
സ്‌നേഹാദരങ്ങള്‍, ദയ, പ്രണയം,
പരസ്പര വിശ്വാസം, സമാശ്വാസം
സൗഹൃദം, സാഹോദര്യം 
നന്മതന്‍ നാനാര്‍ത്ഥങ്ങള്‍.

പൂര്‍ണ്ണസംഖ്യകള്‍ പോലു
മാനിലയ്ക്കപൂര്‍ണ്ണമാ; ണെങ്ങനെ
പുലര്‍ന്നിടും മൂല്യങ്ങള്‍; നമ്മള്‍ 
വെറും ഭിന്ന സംഖ്യകള്‍ക്കുള്ളില്‍! 
ഗണിച്ചും ഗുണിച്ചും പിന്നെ 
ഹരിച്ചുമൊടുങ്ങുന്ന
ജീവന്റെ ദശാംശങ്ങള്‍....
അഗണ്യം, അവിഭാജ്യം.

ദൂരത്തെ വേഗം കൊണ്ടു 
ജയിക്കാം, നിരാധാര
ജന്മങ്ങളെ സ്ഥാനം കൊണ്ടു ഭരിക്കാം,
നിയമങ്ങളാല്‍ അളക്കാം, 
വിധിക്കാം, ഹനിക്കാം, പരി
ഹസിക്കാം, പഴിക്കാം, പടി
കടത്താം, കുരുക്കാം, പിഴ
ചുമത്താം, തുറുങ്കിലടയ്ക്കാം,
പിന്നെ കൊന്നു തുലയ്ക്കാം. 

ഒറ്റയോ ഇരട്ടയോ 
ഏതുമാകട്ടേ അക്കം 
സ്ഥാനത്തിനല്ലോ വില, 
പ്രാണനെക്കാളും വില! 

ഒടുക്കം പൂജ്യം കൊണ്ടു 
കാലം ഗുണിക്കും വരെ
തുണയ്ക്കാന്‍  കുറേ വട്ട
പ്പൂജ്യങ്ങള്‍ കാണും കൂടെ! 

നമ്മളോ? ദശാംശങ്ങള്‍
കണക്കു പരീക്ഷയില്‍
തോറ്റുതോറ്റവസാനം
എണ്ണാതൊടുങ്ങിപ്പോകും. 

നമുക്കായ് ഉയര്‍ന്നിട്ടി
ല്ലിന്നോളം പ്രതിമകള്‍!

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com