'വള്ളത്തോളിന്റെ മുയിങ്ങ്'- വിമീഷ് മണിയൂര്‍ എഴുതിയ കവിത

വള്ളത്തോള്‍ നാരായണ മേനോന്റെവീടും വലുതായിരുന്നുകുറേ മുറികളുണ്ടായിരുന്നുകുറേ കിടക്കകളുണ്ടായിരുന്നുകുറേ ഇരിപ്പിടങ്ങളുണ്ടായിരുന്നുകുറേ ഇടനാഴികളുണ്ടായിരുന്നുകുറേ നടുമുറ്റങ്ങളുണ്ടായിരുന്നു
'വള്ളത്തോളിന്റെ മുയിങ്ങ്'- വിമീഷ് മണിയൂര്‍ എഴുതിയ കവിത

ള്ളത്തോള്‍ നാരായണ മേനോന്റെ
വീടും വലുതായിരുന്നു
കുറേ മുറികളുണ്ടായിരുന്നു
കുറേ കിടക്കകളുണ്ടായിരുന്നു
കുറേ ഇരിപ്പിടങ്ങളുണ്ടായിരുന്നു
കുറേ ഇടനാഴികളുണ്ടായിരുന്നു
കുറേ നടുമുറ്റങ്ങളുണ്ടായിരുന്നു

കാറ്റിന് വന്നു പോകാനുള്ള വഴികള്‍
നിറയെയുണ്ടായിരുന്നു
വെളിച്ചത്തിന് നിന്നു തിരിയാനുള്ള
വകയുണ്ടായിരുന്നു
നേരത്തിനു നേരത്തിനു 
വിളമ്പാനുള്ള വിശപ്പ് 
അടുക്കളയ്ക്കുമുണ്ടായിരുന്നു

വള്ളത്തോളിന്റെ കവിതകള്‍
സ്വന്തം പറമ്പ് കഴിഞ്ഞപ്പോഴേക്കും
പക്ഷേ, ഒറ്റപ്പെട്ടു
കേറിക്കിടക്കാന്‍ ഇടമില്ലാതായി
പൊതുവഴികളില്‍ തളര്‍ന്നുവീണു
വീട്ടുപേര് പറഞ്ഞിടത്തെല്ലാം
ആളുകള്‍ കാര്‍ക്കിച്ചു തുപ്പി
പെന്‍ഷന്‍ തടഞ്ഞുവെച്ചു
സമരത്തിന്റെ കണക്ക് കൊണ്ട് 
കൈച്ചിലായ തടി മിച്ചമായി

ഒരിക്കല്‍
നടന്നുപോകുന്നതിനിടയില്‍ ദാഹിച്ച്
അടുത്തു കണ്ട കുടിലില്‍
അത് കയറിച്ചെന്നു
അകത്ത് കവിതയെഴുതുകയായിരുന്ന
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി
വെള്ളവുമായ് ഇറങ്ങിവന്നു
പേര് ചോദിച്ചപ്പോള്‍
ജാതിവാല്‍ ഇറങ്ങിവരുന്നത് കണ്ട്
വെള്ളം മുറ്റത്തേക്കൊഴിച്ച്
പെണ്‍കുട്ടി കയറിപ്പോയ്

മടങ്ങിപ്പോവുകയായിരുന്ന വള്ളത്തോളിനെ
ആശാന്‍ തിരിച്ചു വിളിച്ചു
കവിത ചൊല്ലി കേള്‍പ്പിച്ചു
എഴുതിക്കിട്ടിയ
പട്ടും വളയും കാണിച്ചു
സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിച്ചു
ഭാനുമതി ഭക്ഷണം കൊണ്ടുവന്നു
വെള്ളപ്പാത്രത്തില്‍ 
മുയിങ്ങ് മണത്തെന്ന് പറഞ്ഞ്
ഛര്‍ദ്ദിച്ച് ഛര്‍ദ്ദിച്ച്
വള്ളത്തോള്‍ തല്‍ക്കാലത്തേക്ക്
സമാധിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com