'ആയിമാറല്‍'- എം.ആര്‍. രേണുകുമാര്‍ എഴുതിയ കവിത

By എം.ആര്‍. രേണുകുമാര്‍  |   Published: 23rd September 2022 05:17 PM  |  

Last Updated: 23rd September 2022 05:17 PM  |   A+A-   |  

renukumar

 

നീ വരുന്നവഴികള്‍ 
ഒഴിവാക്കിയായിരുന്നു
എന്റെ വരവും പോക്കും

നീയെങ്ങാനും
എതിരെവന്നാല്‍ 

തുള്ളനോ 
തുമ്പിയോ 
ആയിമാറി
പുല്ലുകള്‍ക്കിടയില്‍
പതുങ്ങുമായിരുന്നു

കീരിയോ 
കുളക്കോഴിയോ
ആയിമാറി
പരുത്തിക്കാട്ടില്‍
മറയുമായിരുന്നു

കഴുന്നയോ
കട്ടപ്പൊളവനോ
ആയിമാറി
തോട്ടിലേക്ക് ചാടി
താഴുമായിരുന്നു

കവളംകാളിയോ
കരിമുണ്ടിയോ
ആയിമാറി പറന്ന്
പോകുമായിരുന്നു

മണ്ണിരയോ
മണ്ണാങ്കട്ടയോ
ആയിമാറി
മണ്ണിലേക്ക്
മറയുമായിരുന്നു

ഗന്ധരാജനോ
കാനവാഴയോ
ആയിമാറി
വഴിയോരത്ത്
പൂക്കുമായിരുന്നു

കാറ്റായി
ഞാറുകളില്‍
ഓളമാകുമായിരുന്നു
ചാറ്റമഴയായ്
ഇഞ്ചന്‍ തോട്ടില്‍
പൊടിയുമായിരുന്നു.