'ധൂമോര്‍ണ്ണ'- ടി.പി. രാജീവന്‍ എഴുതിയ കവിത

By ടി.പി. രാജീവന്‍  |   Published: 23rd September 2022 04:51 PM  |  

Last Updated: 23rd September 2022 04:51 PM  |   A+A-   |  

tp_rajeevan

 

നറല്‍ ആസ്പത്രി 
തീവ്ര പരിചരണ വിഭാഗത്തില്‍
ഇന്നലെ ഞാന്‍
യമപത്‌നി ധൂമോര്‍ണ്ണയെ കണ്ടു.
വിശ്വസിക്കില്ല
അന്തസ്സും ആഭിജാത്യവും
സൗന്ദര്യവുമുള്ള
ഒരു സ്ത്രീ രത്‌നം!

'മരിപ്പിക്കുന്നതിലെ ധാര്‍മ്മികത'
എന്ന വിഷയത്തില്‍
മസാച്യസെറ്റ്‌സിലോ
ഹാര്‍വാര്‍ഡിലോ
ഗവേഷണം നടത്തുന്ന കാലത്ത്
പരിചയപ്പെട്ട് വിവാഹം കഴിച്ചതാണ്
യമധര്‍മ്മനെ.
ഇപ്പോള്‍,
കാലക്കയര്‍ കഴുത്തില്‍ കുടുങ്ങി
പിടയുന്നവരുടെ 
ക്ഷേമപ്രവര്‍ത്തനത്തിനായി
ഒരു എന്‍.ജി.ഒ നടത്തുകയാണ്.

വെള്ളമിറങ്ങാത്തവര്‍ക്ക്
ഒന്നോ രണ്ടോ തുള്ളി തീര്‍ത്ഥം,
ശ്വാസം കിട്ടാത്തവര്‍ക്ക്
ഒന്നോ രണ്ടോ വലിവിനുള്ള 
പ്രാണവായു,
ഉറ്റവരെ കാണേണ്ടവര്‍ക്ക്
അവരുടെ പ്രതീതിയെങ്കിലും,
ഒന്നും പറയാന്‍ കഴിയാത്തവര്‍ക്ക്
ഉണ്ടാക്കുന്ന ശബ്ദത്തിന്
കേള്‍ക്കുന്നവര്‍ക്ക് തോന്നുന്ന
അര്‍ത്ഥം 
മുതലായവ നല്‍കലാണ്
പ്രധാന സേവനങ്ങള്‍:
എല്ലാ രാജ്യങ്ങളില്‍നിന്നും
സന്നദ്ധ സേവകരുണ്ട്.
വിദേശ ധനസഹായം
യഥേഷ്ടം ലഭിക്കുന്നുമുണ്ട്.

എന്നിട്ടെന്ത്,
അത്താഴം കഴിഞ്ഞ്
ഉറങ്ങണമെങ്കില്‍
എല്ലാ രാത്രിയും കേള്‍ക്കണം
ഒരു പോത്തിന്റെ മുക്ര.