'അദൃശ്യ പ്ലാറ്റ്ഫോം'- ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

കുറച്ചു നാളായി ആഗ്രഹിക്കുന്നു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെആര്‍ക്കും അറിയാത്തആ പ്ലാറ്റ്ഫോംഎത്രയും വേഗം കണ്ടെത്തണം
'അദൃശ്യ പ്ലാറ്റ്ഫോം'- ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

കുറച്ചു നാളായി ആഗ്രഹിക്കുന്നു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ
ആര്‍ക്കും അറിയാത്ത
ആ പ്ലാറ്റ്ഫോം
എത്രയും വേഗം കണ്ടെത്തണം

ജോലി കഴിഞ്ഞു തളര്‍ന്നെത്തുമൊരു
ഇരുണ്ട സന്ധ്യയില്‍
അരണ്ട വെളിച്ചമുള്ള  കോണി 
ഇറങ്ങി അതിലെത്തുമ്പോള്‍
1960-ലേക്കുള്ള
ദില്ലി ട്രെയിന്‍ കിടപ്പുണ്ടാവണം
അതില്‍ 
ഇറുകിയ ചുരിദാര്‍ ഇട്ട 
പെണ്‍കുട്ടികളും
കൈ കുറഞ്ഞ ബ്ലൗസും
ഷിഫോണ്‍ സാരിയും അണിഞ്ഞ
മെലിഞ്ഞ യുവതികളും 
അയഞ്ഞ പ്ലീറ്റ്സ് ഉള്ള കറുത്ത പാന്റിനുള്ളിലേക്ക് 
ഷര്‍ട്ട് ഇന്‍ ചെയ്ത
യുവാക്കളും 

ട്രെയിന്‍ പതിയെ
പ്ലാറ്റ്ഫോം വിടണം
ഈ  നശിച്ച രണ്ടായിരവും

ഗീത ദത്തിന്റെ, ഹേമന്ത് കുമാറിന്റെ പാട്ടുകളുള്ള
റേഡിയോകള്‍,
ഗോതമ്പ് വയലേലകള്‍,
അഭിമാനം നശിക്കാത്ത
കര്‍ഷകര്‍,
ഒടുവില്‍ പൊടിപ്പുക 
മറ തീര്‍ക്കാത്ത 
ദില്ലി.
സന്ദര്‍ശകരെ കാത്തിരിക്കുന്ന
കുത്തബ് മീനാര്‍
അവിടെ എന്നെ കാത്തുനില്‍ക്കും
ദേവാനന്ദിനെപ്പോലൊരാള്‍
നിഷ്‌കളങ്കമായ പ്രണയത്തോടെ 
ഞങ്ങള്‍ വളഞ്ഞ പടികള്‍ കയറും
മറ്റാരും വരാത്തപ്പോള്‍
ചുംബിച്ചു പൊട്ടിച്ചിരിക്കും*

ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍
കളി മാറി 
കടുത്ത യഥാര്‍ത്ഥ്യങ്ങളില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്ന
ഒരു സ്വപ്നജീവിയാണെന്നു
തെറാപ്പിസ്റ്റ് 
പോസ്റ്റ് കൊവിഡ് 
മതിഭ്രമം ആണെന്നും 

ഈ പ്ലാറ്റ്ഫോം തിരഞ്ഞുനടന്നു
വീട്ടില്‍ എത്താനുള്ള ട്രെയിന്‍
മിസ്സ് ചെയ്തപ്പോള്‍
വീട്ടുകാരുടെ മട്ടു മാറി

രാവിലെ അതു തിരഞ്ഞുനടന്നു
വൈകി എത്തിയപ്പോള്‍
സെക്രട്ടേറിയറ്റിലെ ജോലി പോയി

മടുത്ത സൈക്യാട്രിസ്റ്റ്
തന്ന  മരുന്ന് കഴിച്ച് 
രാവും പകലും
തളര്‍ന്നുറങ്ങി
തിന്നു തിന്നു തടി കൂടി
നൈറ്റി ഇടാതെ
ഷിഫോണ്‍ സാരികള്‍  ഉടുത്തിട്ടും
തടി കാരണം
സുന്ദരി ആയില്ല
ചാദ് വീ കാ ചാന്ദ് പാടിയ  
ഗുരു ദത്ത്
മാറ്റി പാടി 
'യെ ദുനിയാ അഗര്‍ മില്‍ ഭി
ജായെ തോ ക്യാ ഹെ?'

എല്ലാരും
ജോലിക്കും സ്‌കൂളിലും പോയി
വീട്ടില്‍ തനിച്ചായ  ഒരു
മഴദിവസം 
ഞാന്‍ രണ്ടായിരത്തി ഇരുപത്തിരണ്ടിലേക്കു
ബലമായി
തിരിച്ചു വിളിക്കപ്പെട്ടു
മനസ്സില്ലെന്നു പ്രഖ്യാപിച്ച്
ഞാനങ്ങുപോയി 

അവിടെനിന്നുള്ള ഇ-മെയില്‍ 

'ഹായ് 

അങ്ങനെയൊരു പ്ലാറ്റ്ഫോം
ശരിക്കും ഉണ്ട് 
അവിടെ നിങ്ങളെക്കാത്തു
ഒരു ട്രെയിനും ഉണ്ട്
നശിച്ച രണ്ടായിരം വിടാന്‍'

.............................................................
പ്രചോദനം
'Third level' by
തോമസ് ഫിന്നി 

* ദില്‍ കാ ഭവര്‍ എന്ന ഗാനത്തിന്റെ രംഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com