'പ്രച്ഛന്നം'- കണിമോള്‍ എഴുതിയ കവിത

പണ്ടു കേട്ടതാ,ണേതോ കാവിനു നടയ്ക്കലൊ-രന്തി, ഏഴിലംപാല പൂവണിഞ്ഞുണര്‍ന്നപ്പോള്‍വന്നൊരാള്‍, ദൂരത്തുനിന്നാവഴിക്കാദ്യം, കണ്ണു-ചിമ്മിപോല്‍ നക്ഷത്രങ്ങളാലില ജനാലയില്‍
'പ്രച്ഛന്നം'- കണിമോള്‍ എഴുതിയ കവിത

ണ്ടു കേട്ടതാ,ണേതോ കാവിനു നടയ്ക്കലൊ-
രന്തി, ഏഴിലംപാല പൂവണിഞ്ഞുണര്‍ന്നപ്പോള്‍
വന്നൊരാള്‍, ദൂരത്തുനിന്നാവഴിക്കാദ്യം, കണ്ണു-
ചിമ്മിപോല്‍ നക്ഷത്രങ്ങളാലില ജനാലയില്‍

രാവൊരു തണ്ണീര്‍ക്കുടം ചുമന്നു നടന്നെത്തി 
പായ നീര്‍ത്തുമ്പോള്‍ കാറ്റ് കുശലം പറഞ്ഞെത്തി
പാല പൂത്തതിന്‍ കഥ വിസ്തരിക്കുമ്പോള്‍ ചാരെ
യാത്രികനതും കേട്ടു മുഗ്ദ്ധനായ് നിലീനനായ്
കഥയില്‍, പാലച്ചോട്ടി,ലാളുയരത്തില്‍ പണ്ടൊ-
രതിഗൂഢമാമനുരാഗത്തിന്‍ സമുദ്രത്തെ
ഉയിരോടുണക്കി, നീരഗ്‌നിയില്‍ സ്ഫുടം ചെയ്തു
കടുമന്ത്രമായ്, കേവലാക്ഷരപ്രകാരമായ്
ഇരുമ്പാണിയില്‍ സൂക്ഷ്മകണമായാവാഹിച്ചു
കടയോളവും താഴ്ത്തി മരത്തില്‍ നിബന്ധിച്ചു...

മഴ മാഞ്ഞതും ശാരദാഭ്രനീലിമ മഞ്ഞു-
മഴ പെയ്തതും ഇരുമ്പാണിയും കുളിര്‍ന്നതും,
നെടുമോഹത്തിന്‍ നിഴല്‍ നിദ്രവിട്ടുണര്‍ന്നാലും
നിഹിതാര്‍ദ്രതേ,യെന്നു മാധവം മൊഴിഞ്ഞതും,

പണ്ടു കേട്ടതാ,ണന്നു കാവിനു നടയ്ക്കലെ-
യന്തി, ഏഴിലംപാല പൂവിരിഞ്ഞുണര്‍ന്നുപോല്‍
രാത്രി വൃശ്ചികക്കാറ്റ് താരകാക്ഷരങ്ങളില്‍
നേര്‍ത്ത നൂപുരദ്ധ്വനിപകര്‍ത്തീ നിലാവിനായ്
പൊന്നുടയാടത്തുമ്പു മണ്ണില്‍ മുട്ടാതെ, വിരല്‍-
ത്തുമ്പുകള്‍ നിലംമുട്ടിയഴലില്‍ സ്പര്‍ശിക്കാതെ
പൂവില്‍ നിന്നൊരാനന്ദ സമുദ്രം വഴിഞ്ഞുപോയ്-
ച്ചേരുകയായീ സമസ്ത പ്രാണഗ്രഹങ്ങളില്‍

കേളികൊട്ടുന്നു നാലുനാഴിക രാച്ചെല്ലുമ്പോള്‍
കേവലം ചുണ്ണാമ്പുമായ് വീടടച്ചിറങ്ങിയോര്‍
ആരുടെ നിലാച്ചേല ഞൊറിയാണാവോ വെയില്‍
വീഴുന്ന നേരംവരെ രാത്തണുവിന്മേല്‍ത്തങ്ങി?

പണ്ടുകേട്ടതാ,ണന്നു രാത്രിയില്‍ സന്ദര്‍ശകന്‍
തന്റെയുള്‍ക്കയത്തില്‍ വീണലിഞ്ഞു പരാര്‍ത്ഥമായ്
മുന്‍പൊരുകാലം കണ്ണില്‍ക്കോരിയ കടല്‍ജലം
തന്റെ നെറ്റിയില്‍ മൂന്നാം കണ്‍മിഴിഞ്ഞതായ് കണ്ടൂ

അതിലാകാശം; സര്‍വ്വജീവലോകവും കൊള്ളു-
മൊരു തീത്തുള്ളി നീലലോഹിതസ്മിതാര്‍ദ്രമായ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com