'253ാം മുറിയില്‍ നിന്ന് ഡിസ്മാസ്' *- ശ്യാം സുധാകര്‍ എഴുതിയ കവിത

അകലെ പുത്തന്‍പള്ളിയിലെ കുരിശ് വെള്ളിയില്‍ കുളിച്ച തോമാശ്ലീഹാ കയ്യേന്തുന്നു
'253ാം മുറിയില്‍ നിന്ന് ഡിസ്മാസ്' *- ശ്യാം സുധാകര്‍ എഴുതിയ കവിത

മോഷ്ടിക്കാന്‍ കയറിയ
ആ മുറിയില്‍നിന്ന്
45o  ഇടത്തോട്ട് തലചെരിച്ചപ്പോള്‍ 
ചാറ്റല്‍ മഴയില്‍ ജനലിലൂടെ
ഒരു രസമുള്ള കാഴ്ച-
അകലെ 
പുത്തന്‍പള്ളിയിലെ കുരിശ് 
വെള്ളിയില്‍ കുളിച്ച തോമാശ്ലീഹാ 
കയ്യേന്തുന്നു.

വീണ്ടും നോക്കിയപ്പോള്‍
നുറുങ്ങുന്ന മഴയില്‍
ചോരവാര്‍ന്ന യേശുവും 
ശങ്കതീരാത്ത തോമയും- 
ചെന്നുകണ്ട് പുഞ്ചിരിച്ചു.

ഭാരതഗോത്തിക് ആര്‍ച്ച് കടന്നപ്പോള്‍
മൂവര്‍ക്കുമുള്ള പരിത്രാണവീഥി 
ഇതാണെന്ന മട്ടില്‍
അന്‍പത്തിയൊന്നു കൂമ്പന്‍ ജാലകങ്ങളും
ആറ് കവാടങ്ങളും
ഒന്നിച്ചു തുറക്കപ്പെട്ടു.

ചുറ്റിയും കറങ്ങിയും
താഴെ ഒന്നാം നിലവറയിലേക്ക് നടക്കുമ്പോള്‍
തോമ ചോദിച്ചു: 
ഇത് പണിഞ്ഞ വര്‍ഷം?  
ഓട് എവിടെ നിന്ന്? 
കത്തിപ്പോയ വര്‍ഷം? 
ആളപായം?

താഴോട്ട് 
പടിക്കെട്ടിറങ്ങുമ്പോള്‍ 
ഇരുപതാം നൂറ്റാണ്ടിലെ 
മുഴുവന്‍ പത്രരേഖകളും  
ആത്മരൂപികളായി,
വാക്കും വാര്‍ത്തകളും 
നിശാശലഭങ്ങളായി,
കാലം മഞ്ഞായി,
പൂര്‍വ്വസൂരികള്‍ 
മേല്‍ക്കൂരയായി,
അതില്‍ ഒരു കൂറ്റന്‍ മണി 
നാവില്ലാതെ 
നിറഞ്ഞുനിന്നു. 

രണ്ടാം നിലവറയിലേക്ക് നടന്നപ്പോള്‍ 
വഴിനീളെ 
മുന്തിരിയുടെ 
മദിപ്പിക്കുന്ന മണം.
അറിവിന്റെ പാത്രത്തില്‍ 
ഒളിച്ചുവെച്ചിരിക്കുന്നു
സ്വാതന്ത്ര്യത്തിന്റെ താക്കോല്‍.
തീപ്പെട്ടിക്കൂടില്‍ 
അല്പം അരി; 
അതിലൂടെ
താഴേക്കൊരു വഴി-
യുദ്ധകാലതുരങ്കങ്ങള്‍പോലെ
നോക്കുമ്പൊഴേക്കും 
പന്തങ്ങള്‍ തെളിയുന്നു. 
തോമ കാണുന്നൂ
സംഭ്രമത്തിന്റെ ആയിരം വഴികള്‍.
കല്‍ത്തൂണുകള്‍ 
കുതിരപ്പാടുകള്‍
കുന്തമുനകള്‍
പല തെളിവുകള്‍
അയാളെ അസ്വസ്ഥനാക്കുന്നു.
ഗ്രന്ഥത്താളുകള്‍ പറിഞ്ഞുപോയതുകണ്ട് 
വ്യാകുലപ്പെടുന്നു,
കാറ്റിനൊപ്പം കപ്പല്‍പ്പായ പിടിക്കും പോലെ 
ശ്വാസം നേരെയാക്കുന്നു,
വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന്
ഇടക്കിടെ മുറുമുറുക്കുന്നു.

മൂന്നാം നിലവറയിലേക്ക് നടക്കുമ്പോള്‍ 
കയറിയ കയറ്റങ്ങളെല്ലാം 
ഇറങ്ങിത്തളര്‍ന്ന യേശു 
ചോദിച്ചു:
തോമാ, അന്ന് രാത്രി നീ മാത്രം 
വരാഞ്ഞതെന്തേ?

നിങ്ങള്‍ പണ്ടേ 
വെളിച്ചം കണ്ടവനാണല്ലോ, 
ഞാന്‍ നിങ്ങള്‍ക്ക് 
ഒരു മേട പണിയുന്ന തിരക്കിലായിരുന്നു.
അതുവഴി  
വാനിലേക്കുള്ള വാതില്‍ 
ഞാന്‍ പണിതു.
നിങ്ങളാണതിന്റെ താക്കോല്‍!

അയാളുടെ വാരിയെല്ലില്‍നിന്നും 
തോമാ
ഒരു താക്കോല്‍ കണ്ടെടുത്തു.
മൂന്നാംനിലവറ 
തുറക്കപ്പെട്ടു.
അസാധ്യമായ പ്രകാശം 
അതില്‍ നിറക്കപ്പെട്ടു.
തോമ 
ആദിയിലേക്ക് സ്വതന്ത്രനായി.

നിങ്ങള്‍ രാജ്യം വീണ്ടെടുക്കുമ്പോള്‍ 
എന്നെയും ഓര്‍ക്കണേ എന്ന 
മധ്യവര്‍ഗ്ഗവിലാപവുമായി
ഞാനിപ്പോള്‍
253-ാം മുറിയില്‍ ഇരുന്ന് 
നിര്‍ലജ്ജം
എനിക്കുവേണ്ടി മാത്രം
പ്രാര്‍ത്ഥിക്കുന്നു.?

*നല്ലകള്ളന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com