'കത്രികക്കാലില്‍ കണ്‍മഷിയുടെ കാമുകന്‍'- ലതീഷ് മോഹന്‍ എഴുതിയ കവിത

മഴയായി മുഴുവാനംപൊഴിയവേവാടിനിന്ന പൂവുകള്‍ചിതറവേ
'കത്രികക്കാലില്‍ കണ്‍മഷിയുടെ കാമുകന്‍'- ലതീഷ് മോഹന്‍ എഴുതിയ കവിത

1. 
ടല്‍ക്കരയില്‍/ചലിക്കുന്ന ബസില്‍/മെട്രോ 
ട്രെയിനില്‍/പറക്കുന്ന യന്ത്രത്തില്‍/ ഈ പാട്ട് കേട്ട് 
ഞാന്‍ ചാരിയിരിക്കുന്നു. ഇളകുമിളവെയിലില്‍/
മിന്നിമാഞ്ഞു നില്‍ക്കും/കറുത്ത കണ്ണടയുടെ പിന്നില്‍/ 
കണ്‍മഷീ നീ മൂളിവെച്ച/പാഞ്ഞുപോകുന്നവരുടെ പാട്ട്:

മഴയായി മുഴുവാനം
പൊഴിയവേ
വാടിനിന്ന പൂവുകള്‍
ചിതറവേ

കാറ്റേ നീ നീ
പൂവ് നീ കൊഴിച്ചതും
മഴ നീ പൊഴിച്ചതും
നീ നീ കാറ്റേ

മിണ്ടാതെ മിണ്ടിടാതെ
പോന്നു ഞാന്‍ 
നീ വീഴ്ത്തും പൂവ് ഞാന്‍
നിന്നാലെ ഞാന്‍ 
പിന്നാലെ ഞാന്‍ 
നിന്‍ മീതെ കണ്ണുകള്‍ 
നീ പോയ വഴിയിലെന്റെ 
നിഴലുകള്‍ 
നീ മാത്രം നിന്നില്‍ മാത്രം 
കാറ്റേ

2. 
എന്താ പേര് എന്ന് തുടങ്ങി ഞാന്‍ നിനക്കാരുമല്ല എന്ന് 
തീരുന്ന ശിഥില പ്രണയകാവ്യത്തില്‍നിന്നും കണ്‍മഷി  
നടക്കുമ്പോള്‍ പിന്നില്‍ കാലം: 

''എന്താ പേര്?''

പഴയൊരു ചായക്കടയില്‍ വെറുതേയിരുന്നു 
എന്നതായിരുന്നു അവര്‍ക്കിടയിലെ പാലം. ആദ്യത്തെ 
ചായ ഗ്ലാസ് വരുമ്പോള്‍ ഈ കടയില്‍ പത്തിലധികം 
പേര്. കാലം കുറേക്കഴിയുമ്പോള്‍ അവളും അയാളും 
മാത്രം. അവര്‍ക്കിപ്പോള്‍ അവരെയല്ലാതെ പേരറിയില്ല.

അതിനാല്‍, പാട്ടുമൂളുന്നതു നിര്‍ത്തി കണ്‍മഷി 
പറഞ്ഞു, ഞാന്‍ നിനക്കാരുമല്ല.

3.
ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഭൂതകാലം 
എന്റെയൊപ്പം നടക്കുന്നു 

ഞാന്‍ വേഗത്തില്‍
കാറ്റേ നീ മാത്രം നിന്നില്‍ മാത്രം 
എന്നതിവേഗത്തില്‍

ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഭൂതകാലം
തിരിഞ്ഞുനില്‍ക്കുന്നു
ഞാനാണ് കാറ്റ് 
ഞാന്‍ നിന്നോട് കൂടെ 

ശവമടക്കിനു വന്നവര്‍ 
മഴയത്ത് മിണ്ടാതെ നില്‍ക്കുന്നു 
ഇന്നോടെ എല്ലാം കഴിയും 
നിനക്കുമേല്‍ മണ്ണ് വീഴുമ്പോള്‍ 
വീശുന്ന കാറ്റില്‍
ചിരിച്ച നിമിഷങ്ങള്‍ നിറയും 

ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഭൂതകാലം 
കുഴിമാടത്തിനു മീതേ 
കാല്‍ പിണച്ചിരിക്കുന്നു:
കള്ളുകുപ്പി തുറക്കൂ 
നമുക്കൊരുമിച്ചു കുടിക്കാം

തുറക്കാത്ത കള്ളുകുപ്പികള്‍
കീറിക്കളഞ്ഞ ആത്മഹത്യാ കുറിപ്പുകള്‍ 
നീ എന്നില്‍ നിന്നകലുന്നു 
ആരും എന്നെ ഉപേക്ഷിക്കില്ല* 
ഉപേക്ഷിക്കപ്പെട്ടവര്‍ 
ഭൂമിയില്‍ ആരുമല്ല 
നിന്നില്‍ തുടിക്കും 
നക്ഷത്രം ഞാന്‍ 

എണീറ്റ് കുളിക്കു 
ഈ മുടിഞ്ഞ സ്വപ്നം 
കളിക്കുന്ന തകര്‍ന്ന 
കൊട്ടകയില്‍നിന്നും 
പുറത്തിറങ്ങൂ
വേഗത്തില്‍ വേഗത്തില്‍ ഓടൂ 

ദിവസങ്ങളായി നിര്‍ത്താതെ കുളിക്കുന്നു 
കുളിമുറിയുടെ ചുമരില്‍ 
ആരോ തൂക്കിയ കലണ്ടര്‍ 
വളരെ വേഗത്തില്‍ മറിയുന്നു 

വാപൊത്തി 
ചിരിക്കുന്ന ശബ്ദത്തില്‍ 
പൈപ്പില്‍നിന്നും
വീഴുന്ന വെള്ളം 
ശവമടക്കിന് വന്നവര്‍ 
കുടനിവര്‍ത്തി 
അകലെ വീഴ്ത്തുന്നു 

നനഞ്ഞു പിഞ്ഞിപ്പോയ കലണ്ടര്‍ എന്റെ കളിവള്ളം
ഈ മഴവെള്ളം എന്നെ കൊണ്ടുപോകുന്നു 
ആരും എന്നെ ഉപേക്ഷിക്കില്ല 
എന്ന നിലവിളി  
എനിക്ക് പിന്നാലെ 

ഓടുമ്പോള്‍ 
കത്രിക വെട്ടുന്ന ശബ്ദം 
കാലുകള്‍ കാറ്റിനെ വെട്ടുന്നു
കീറിയ ഇലകള്‍ 
പൊഴിയുന്നു

കറുത്ത കണ്ണടയുടെ തത്തശാസ്ത്രം
എതിരേ വരുന്നു:
ഇരിക്കൂ, ദൂരേക്കു നോക്കു,
പിന്നില്‍ ആരുമില്ല

പക്ഷിയുടെ ഹൃദയത്തില്‍ ഞാനെന്റെ കണ്ണുകള്‍  
മറന്നുവെച്ചു 
മഴവരുന്നത് നേരത്തെ അറിയാം എന്ന് കരുതി 
മനപ്പൂര്‍വം ഞാന്‍ എന്ന് കരുതി 

അതിഗഹനം
പക്ഷിയുടെ ഹൃദയം ഗഗനം
കണ്ണുപോയതിന് ശേഷം 
ഞാനലയും വഴി,യെന്റെ ഹൃദയം 
    
* Nobody leaves a star. That's what makes a star
(Sunset Boulevard/Billy Wilder/1950)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com