'താറാക്കോഴികള് നടന്ന കണ്ടം'- പ്രവീണ്‍ പ്രസാദ് എഴുതിയ കവിത

By പ്രവീണ്‍ പ്രസാദ്  |   Published: 24th September 2022 05:17 PM  |  

Last Updated: 24th September 2022 05:17 PM  |   A+A-   |  

poem44

 

ണ്ടത്ത് നെറയെ
ഓളങ്ങളിണ്ടാക്കി
താറാക്കോഴികള് നടക്കുണു.
ചെറക് വെള്ളത്തീത്തല്ലി
കുട്ടിക്കാലുകൊണ്ട് ചേറ്നെ കൊഴച്ച്
ഒരു മൊശടമണത്തിനെ പറത്തീങ്കൊണ്ട്.

പാറിയും പൊതഞ്ഞും കെടക്കണ മുട്ടകള്
മേക്കണ ചെക്കന്‍ അറയ്ക്കാണ്ട് പെറ്ക്കി,
പുത്തനുയിരിന്റെ വെള്ള ഗോട്ടികള്
മഞ്ഞ വെയിലില് തെളങ്ങി.

ചൂണ്ടയിലൊരു എരനെ കോര്‍ത്ത്
ചേറിലിക്കെറിഞ്ഞ്
മിഴുങ്ങുമ്പൊ കഴ്ത്ത്കീറി
രണ്ട് താറാക്കോഴീനെ
തൊടീലിക്ക് നീന്തിച്ചാലോ?

വരമ്പിന്റെ വളവീന്ന്
പാണ്ടിത്തെറീന്റെ കാറ്റ്
നെനപ്പിലെ ചൂണ്ടയറ്റിച്ച് പാഞ്ഞു.

വൈന്നേരം
താറാക്കോഴികള് പടിഞ്ഞാറ് നോക്കി
ദൂരയ്ക്ക് നീന്തി,
തമിഴരും കൂടെ നീന്തി.
കണ്ടങ്ങള്‍ടെ അവസാനം
അവിരിന്റെ ചൊവന്ന പെര.

താറാക്കോഴികള് നടന്ന കണ്ടത്താകെ
തൂവല്, കാട്ടം...
മലയാളത്തിക്കൂടി പോയ
വേറെ ഭാഷന്റെ കാലടി.