'ഒപ്പമുള്ളാള്‍'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

By ശിവകുമാര്‍ അമ്പലപ്പുഴ  |   Published: 25th August 2023 01:55 PM  |  

Last Updated: 25th August 2023 01:55 PM  |   A+A-   |  

poem

 

പ്പമുണ്ടൊരാളെപ്പൊഴും
ഒത്തുതാനൂണുറക്കവും
തപ്പിയാലൊട്ടു കാണില്ല
തല്ലിയോടിയ്ക്ക ദുഷ്‌കരം
വെള്ളിയാഴ്ചസ്വപ്നങ്ങളില്‍
വെറുതെ കൂടെക്കിടക്കുന്നു
ഒപ്പമെപ്പോഴുമുള്ളയാള്‍
ഒട്ടിനില്‍പാണദൃശ്യമായ്
പാതിനിദ്രയില്‍ ഭാര്യയെ
പരതിയുമ്മവെച്ചീടവേ
പൂര്‍വ്വകാമുകിയൊരുവള്‍ തന്‍
പേര് നാവില്‍ തൊടുക്കുന്നു
പാസ്സുവേഡുള്ള ഗൂഗിളില്‍
പീസുസൈറ്റുകള്‍ തേടുന്നു
പാട്ടുപാടിയാല്‍ വരികളില്‍
പാരഡിബ്ഭരണി ചേര്‍ക്കുന്നു
ഒപ്പമെപ്പോഴുമുള്ളയാള്‍
ഒക്കെയും വെടക്കാക്കുന്നു
കുളിമുറിസ്സെല്‍ഫിയിന്‍സ്റ്റയില്‍
കളിയിലെന്നപോല്‍ പോസ്റ്റുന്നു
ഫ്‌ലഷ്ടാങ്കില്‍ നിഗൂഢമായ്
വിസ്‌കിബോട്ടിലുകള്‍ പൂഴ്ത്തുന്നു
സസ്യഭോജിക്ക് ഹോട്ടലില്‍
ചില്ലിബീഫോര്‍ഡര്‍ ചെയ്യുന്നു
വോട്ടു കുത്തവേ കൈവിരല്‍
നോട്ടബട്ടണില്‍ ചേര്‍ക്കുന്നു
മണ്ഡലം നോമ്പെടുത്തുദക
മണ്ഡലം യാത്രപോകുന്നു
ഒപ്പമെപ്പോഴുമുള്ളയാള്‍
ഒറ്റുകാരനാണെങ്കിലും
ഒട്ടുധ്യാനിച്ചും കിടയ്ക്കാത്ത
ഒറ്റവാക്കെന്റെ കവിതയില്‍
എപ്പൊഴാണെന്നറിയില്ല
എഴുതിവെച്ചിട്ടുപോകുന്നു

ഈ കവിത കൂടി വായിക്കൂ

'രാധികാ സാന്ത്വനം'- വിവര്‍ത്തന കവിത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ