മെയ്തീൻ

മെയ്തീൻ
 
 
 
ബറ് കുത്തുന്നവനായിരുന്നു.
പറമ്പ് കിളക്കുന്നവനായിരുന്നു.
പുര കെട്ടുന്നവനായിരുന്നു.
നാട്ടുകുളങ്ങളുടെ കാമുകനായിരുന്നു.
കരിയോലകൾ വിലങ്ങനെവെച്ച്
പുരകൾക്ക് ചുറ്റും മറ
കെട്ടുന്നവനായിരുന്നു.
 
മരംവെട്ടുന്നവനായിരുന്നു.
 
കിണർകുത്തുന്നവനായിരുന്നു.
മുളയല്ലികൾവെച്ച് പറമ്പതിരുകളിൽ
വേലികെട്ടുന്നവനായിരുന്നു.
 
പരൽമീൻ നീന്തുന്ന മണ്ണൂപ്പാടത്തിന്റെ
ഞാറ്റുകണ്ടങ്ങളിൽ
തൊപ്പിക്കുടയുടെ കിരീടവുംവെച്ച്‌പോയ്
നാട്ടുമൂപ്പനെപ്പോലെ ചൂണ്ടക്കോലിൽ
തങ്കൂസും ഞാത്തിയിട്ട് പാടത്തിന്റെ
കരയിൽ കണ്ണൻമീൻ വെട്ടുന്നതും
കാത്തിരിക്കുന്ന
സാന്റിയാഗോയായിരുന്നു
 
ഏറെ മയ്യത്തുകളെ
അപ്പൂപ്പൻ താടിപോലെ
ഏറ്റുവാങ്ങി
മണ്ണിലേക്ക്
ഇറക്കിവെച്ചവനായിരുന്നു.
 
സാക്ഷരതാകാലത്തെ
പഠിതാവായിരുന്നു.
ലക്ഷംവീട്ടിലെ
പൊറുതിയില്ലാത്ത
പൊറുപ്പുകാരനായിരുന്നു.
 
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
വിട്ടത്തിൽതൂങ്ങിയാടിയ
ആത്മഹത്യകൾകായ്ചുനിന്ന
എത്രയെത്ര മൂച്ചിയിലും
പിലാവിലും
കയറി മരണത്തിന്റെ
പഴുത്ത ഫലങ്ങളെ
അറുത്തെടുത്തവനായിരുന്നു.
 
ഏറെ കാഫ്കിതനായിട്ടും
ഒരു ചാപ്ലിനെ
കൂട്ടിലിട്ട് വളർത്തിപ്പോറ്റിയ
തമാശക്കാരാ...
തമാശക്കാരാ...
 
നിങ്ങൾ ഏറെ പശിമയിട്ട്
കിളച്ച് മറിച്ച
പള്ളിക്കാടിന്റെ ഫലഭൂയിഷ്ഠതയിൽ
ഏറെ ഇഷ്ടത്തോടെ
ഗ്രിഗർ സാംസയെപ്പോലെ
ഒരു മീസാൻകല്ലൂ പോലുമില്ലാതെ
ഏറെ മീസാൻകല്ലുകൾ
കുത്തിയിറക്കിയ
ബലിഷ്ഠഹസ്തങ്ങളോടെ
 
യൗജൂദും മൗജൂദും വരുന്നത്
വരെയെങ്കിലും സ്വസ്ഥമായ്
മൂടിപ്പുതച്ച് ഇറങ്ങുക...
 
നിങ്ങൾതന്നെ മരം കയറുമ്പോൾ
പറഞ്ഞപോലെത്തന്നെ
കേറെടാ... മെയ്തീനെ
കേറെടാ... മെയ്തീനെ...
 
 
 
 
 
 
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com