'രണ്ടു കുട്ടികള്‍'- മധു ബി. എഴുതിയ കവിത

വെളുത്ത കുട്ടിയുടെ നിഴലിലായിരുന്നു കറുത്ത കുട്ടി.ഇടവഴിയുടെ അറ്റത്ത്,  തണലു തീരുന്നിടത്ത് അവരൊന്നിച്ചു
'രണ്ടു കുട്ടികള്‍'- മധു ബി. എഴുതിയ കവിത

വെളുത്ത കുട്ടിയുടെ നിഴലിലായിരുന്നു കറുത്ത കുട്ടി.
ഇടവഴിയുടെ അറ്റത്ത്,  തണലു തീരുന്നിടത്ത് അവരൊന്നിച്ചു.

വെളുത്ത മുഖം ചുവന്നും
അടികൊള്ളാതിരിക്കാനെടുത്തുവെച്ച  
നിലംതൊടാ അരയാലിലയില്‍ വിശ്വസിച്ചും
സ്‌കൂളിലെ ക്ലോക്കിന്റെ സൂചി ചാവാന്‍ വഴിപാടു നേര്‍ന്നും
വെളുത്ത കുട്ടി സ്‌കൂളിലേക്ക് നടന്നു.

കലക്കവെള്ളത്തില്‍ കാല്‍പ്പടക്കം പൊട്ടിച്ച്,
മേഘങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ 
മഴവില്ലിനു വഴിപറഞ്ഞുകൊടുത്ത്
കറുത്തവനും പിറകേ.

മുന്നിരയിലെ ഉറപ്പുള്ള ബെഞ്ചില്‍
പെണ്‍കുട്ടികളെ നോക്കാതെ,
പഠിച്ച പദ്യം ചൊല്ലിനോക്കി,
പുസ്തകങ്ങളെടുത്തുവെക്കാനമ്മ
മറന്നുകാണുമോ എന്ന് ആശങ്കപ്പെട്ട്
വെളുത്തവനിരുന്നു.

വാരികയില്‍നിന്നു വെട്ടിയെടുത്ത
നനഞ്ഞ പെണ്ണിന്‍പടം 
മറന്നില്ലെന്നുറപ്പുവരുത്തിയും
ചുവന്നപാവാടക്കാരി ബിന്ദുവിന്റെ
പിന്‍കഴുത്തിലെ മറുകില്‍  മറന്നും
പിന്നിരയിലെ ആടുന്ന ബെഞ്ചില്‍
കറുത്തകുട്ടിയുമിരുന്നു.

പടികയറുമ്പോള്‍ കാല്‍ വഴുതുമെന്നു കരുതി 
വെളുത്ത കുട്ടി ചുവരില്‍ കയ്യമര്‍ത്തി,
കാറ്റത്തു വീണ മാമ്പഴം പെറുക്കുമ്പോള്‍
പച്ചിലപ്പാമ്പ് പറന്നുവന്ന് കണ്ണില്‍ 
കൊത്തുമെന്ന് പേടിച്ചു.
കുളത്തില്‍ കുളിക്കുമ്പോ!ള്‍ മുതല വരുമെന്നോര്‍ത്ത്
കടവില്‍നിന്ന് കപ്പുകൊണ്ട് വെള്ളം കോരിക്കുളിച്ചു.
രാത്രി ജനല്‍പഴുതിലൂടൊളിഞ്ഞു നോക്കുന്ന
ഒടിയനേയും പൊട്ടിച്ചക്കിയേയും കണ്ട് 
തലവഴി പുതപ്പിട്ടുമൂടി,
പാതിരയില്‍  
ഹെഡ്മാഷുടെ മുറിയിലെ ചൂരല്‍ സ്വപ്നം കണ്ട് കരഞ്ഞു.
അവന്റെ കൈകളില്‍ ചരടുകളും അരയിലേലസ്സുകളും 
പേടിപോല്‍ പെറ്റുപെരുകി.

കറുത്തകുട്ടി 
നാട്ടുമാവിന്റെ ഉയരങ്ങളുടെ കൂട്ടുകാരനായിരുന്നു, പുഴയാഴങ്ങളിലെ മുതലയും.
വീട്ടുകണക്കിലേക്കുള്ള വഴിതെറ്റിച്ചവന്‍ ചിരിച്ചുനില്‍ക്കുമ്പോള്‍
കാക്കയുടേയും തേങ്ങാപ്പൂളിന്റേയും ഉപമ പറഞ്ഞ് 
കണക്കു ടീച്ചര്‍ മലയാളം മാഷിലേക്ക് പുറപ്പെട്ടു.
പാതിരയില്‍ പുഴവക്കത്തെ മരക്കൊമ്പത്ത് 
കാലാട്ടിയിരിക്കുന്ന യക്ഷികളുടെ പാട്ടില്‍ കിടന്നുറങ്ങിയ
അവന്റെ ഉറക്കങ്ങളില്‍ കാട്ടുഞാവലുകള്‍ നിറഞ്ഞു.

ഒരിക്കല്‍,
വഴിപിരിയുന്നിടത്ത് ഒളിച്ചുനിന്ന 
ആ പഴയ കിഴവന്‍ 
ഒറ്റനോട്ടം കൊണ്ട് കറുത്ത കുട്ടിയെ  നിറങ്ങളില്ലാത്തവനാക്കി.

പിറ്റേന്നാ വഴിയിലൂടെ കടന്നുവന്ന കുട്ടികളുടെ മൗനജാഥയില്‍
വെളുത്ത കുട്ടിയില്ലായിരുന്നു.

കറുത്തകുട്ടിയുടെ നിഴല്‍ മാത്രമായിരുന്നു 
വെളുത്തകുട്ടി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com