'ഒരു പൂച്ചയും ഒരുപാടു ഞാനും'- കളത്തറ ഗോപന്‍ എഴുതിയ കവിത

By കളത്തറ ഗോപന്‍  |   Published: 11th February 2023 05:42 PM  |  

Last Updated: 11th February 2023 05:42 PM  |   A+A-   |  

poem_2

 

ഞാനും ഒരു പൂച്ചയും ഒരേ കെട്ടിടത്തില്‍
ഒറ്റയ്ക്കാണ് താമസം.
എങ്കിലും അത് എന്നോടോ
ഞാനതിനോടോ ഒരടുപ്പവും കാണിച്ചില്ല.

എന്റെ ഒറ്റപ്പെടല്‍ പൂച്ചയ്ക്ക്
മനസ്സിലായിട്ടോ എന്തോ
അതെന്നോട് ഈയ്യിടയായി
അടുപ്പം കാണിച്ചുതുടങ്ങി.
ആര്‍ത്തിയോടെ വരും, 
ഞാന്‍ മിച്ചം വന്ന ഭക്ഷണം 
അതിന് കൊടുക്കും. അത് തിന്നും.

അല്ല, ഇതിനി മരണത്തിന്റെ ദൂതനാണോ?
ഇതിന്റെ മിനുമിനുത്ത വെള്ളനിറം 
എന്നെ പേടിപ്പിക്കുന്നു.
അല്ലെങ്കിലെന്തിനാണ് 
ഇരുട്ടത്ത് ഇതിന്റെ കണ്ണുകള്‍ തിളങ്ങുന്നത് ?
പമ്മി പമ്മി എന്നെ മുട്ടിയുരുമ്മുന്നത്?
ആരെയോ കണ്ടെന്ന പോല്‍ 
ഉച്ചത്തില്‍ കരയുന്നത്?
ഇത്രയും കാലമിവിടെയുണ്ടായിരുന്നിട്ടും
ഇപ്പോള്‍ മാത്രം വന്നത്?

എനിക്ക് പട്ടിയെ ഇഷ്ടമായിരുന്നു
പട്ടി ഏതു പ്രതിസന്ധി ഘട്ടത്തിലും 
നമ്മോടൊപ്പം നില്‍ക്കും. ശരിക്കും പറഞ്ഞാല്‍ പട്ടികള്‍ ഉള്ളതുകൊണ്ടാണ് മനുഷ്യജീവിതം ഇത്രയും നീണ്ടത്.
പൂച്ച വീടിനകത്ത് നമ്മോടൊപ്പം കഴിയും
ബെഡ്‌റൂമില്‍ കയറും
മടിയില്‍ കേറിയിരിക്കും
നിഷ്‌ക്കളങ്കമെന്ന്
എപ്പോഴും തോന്നിപ്പിക്കും.
പൂച്ച മനസ്സും പട്ടി ശരീരവുമാണോ.

ഞാനൊരുപാടു ആലോചിച്ചു
ഇത്രയും കാലമായി ഒരേ കെട്ടിടത്തില്‍ 
കഴിഞ്ഞിട്ടും ഈ പൂച്ച
എന്നോട് അടുക്കാത്ത കാര്യം.
ഞാനിതിനെ ഉപദ്രവിച്ചതായി ഓര്‍ക്കുന്നേയില്ല.

രണ്ടു മൂന്നു ദിവസം അങ്ങനെ പോയി
പൂച്ച പ്രസവിച്ചിരിക്കുന്നു.
തള്ളയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.
ഞാനതിന് ആഹാരം കണ്ടെത്താനുള്ള
ശ്രമത്തിലാണ്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക