'പച്ചിലനാഗനില' (എന്‍.എ.നസീറിന്)- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

By ജെനി ആന്‍ഡ്രൂസ്  |   Published: 21st February 2023 11:46 AM  |  

Last Updated: 21st February 2023 11:46 AM  |   A+A-   |  

poem_1

 

തോറോ*യുടെ ഏകാന്ത ജാഗ്രത
ഈ പച്ചിലനാഗനിലയില്‍,
അതിനെയൊപ്പിയ വനസഞ്ചാരിയില്‍.
ഓരോ നാമ്പിനുമിടയില്‍ നാമ്പായ്
നാനാജാലങ്ങളിലാഴ്ന്ന്
കവിതയായ് കാട്ടിലുള്‍ച്ചേര്‍ന്ന്,
പ്രാണനില്‍ മുഖം നോക്കുന്നു നീ.

നീ പകര്‍ത്തിയ പച്ചിലപ്പാമ്പ്
കാട്ടിലെ ഹരിതച്ചാറ്
മേലാകെ പുരട്ടിയ മരതക ദ്വീപ്!

വനമണ്ണിലമര്‍ന്ന് 
ഒപ്പുന്നു നീ വനത്തിന്‍
ധ്യാനാസനങ്ങള്‍
ശാന്തശീലങ്ങള്‍ കൂര്‍മമിഴികള്‍,
കപടത്തെച്ചേര്‍ക്കാത്ത
നെയ്ത്തുകള്‍;
വന്യങ്ങളാം നിലനില്‍പ്പുകള്‍.

ഗൂഢമാം പൊരുളുകള്‍
കുഴലൂതി നില്‍ക്കുമൊരു
മഞ്ഞുപടലം പോലെ നീ, കാട്ടില്‍.
കാട് കാടു തന്നെയായ്
വളരുന്നതിന്‍ നേരുകളെ
നേരു കൊണ്ടൊപ്പുന്നു.

പലതില്‍ പടരുന്ന പൊരുളിനെ 
ഗജമാര്‍ജ്ജാരവാനര
പക്ഷിനാഗപുല്‍ നിലകളെ,
വീണ മരത്തെ, ഉറവക്കണ്ണുകളെ,
ഇല്ലിയിലകളെ,
തൊട്ടറിയുന്നു.

മരങ്ങള്‍ നിനക്ക്
ബോധിയുടെ പന്തലിപ്പ്
പുല്ലുകള്‍
ധ്യാനിയുടെ പുല്‍ത്തടുക്ക്.

സൂക്ഷ്മത്തില്‍നിന്ന്
പ്രപഞ്ചയേടുകള്‍ കണ്ടെടുക്കുന്നു,
ലോകഗതിയുടെ പനിക്കിതാ
തുളസിനീരും കല്‍ക്കണ്ടവുമെന്ന്
താളിയോലയില്‍
കുറിപ്പടികള്‍ നല്‍കുന്നു...

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക