'ലൂര്‍ കാസ്റ്റിംഗ്'- ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

മീന്‍പിടിക്കാന്‍ ഞാന്‍പുഴയില്‍ ചെന്നപ്പോള്‍പുഴയവിടെ പതുക്കെ ഒറ്റപ്പെടുന്നു
'ലൂര്‍ കാസ്റ്റിംഗ്'- ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

മീന്‍പിടിക്കാന്‍ ഞാന്‍
പുഴയില്‍ ചെന്നപ്പോള്‍
പുഴയവിടെ പതുക്കെ ഒറ്റപ്പെടുന്നു

പുഴ നോക്കുമ്പോള്‍ ഞാനും
അടുത്തുവരുംതോറും തനിച്ചാവുകയാണ്!

എന്തുപറ്റി
ഇത്ര തനി
ച്ചെന്ന് പുഴ

ഒറ്റയ്ക്കല്ലല്ലോ എന്നു  ഞാന്‍

ഇന്നലെ കൂടെവന്ന കൂട്ടുകാരന്റെ
ശ്വാസം
ഇന്നലെ പിടിച്ച കൂരല്‍ മീനിന്റെ കണ്ണുകള്‍
ഇന്നലെ ഇട്ട, വെയില്‍കൊണ്ടു തയ്ച
പുതിയ ഷര്‍ട്ട്
ഇന്നലെ തലേക്കെട്ടു
കെട്ടിയ തോര്‍ത്തിന്‍ വട്ടം,
ഇന്നലത്തെ മുഷിഞ്ഞ നിശ്ശബ്ദത
പെയ്യാനായ് ആഞ്ഞുവന്നിട്ട്
എന്തോ ഒരു മടുപ്പില്‍
തിരിച്ചുപോയ മഴ
ഇതൊക്ക എന്റെ കൂടെ നടപ്പല്ലേ?

ആകട്ടെ, ഇന്നു
നിനക്കെന്തു പറ്റി
എന്നു തിരികെ ഞാന്‍.

ഞാനും തനിച്ചല്ലല്ലോ എന്നു പുഴ!
എന്നെ വട്ടം പിടിക്കുന്ന ഈ
പൊന്ത
അതിന്‍ നനഞ്ഞ നിഴല്‍പ്പേച്ച്,
ചതുപ്പില്‍ മേയും പശു
പശുപ്പുറത്തെ കാക്ക,
താഴെ നില്‍ക്കുന്ന വെള്ളക്കൊക്ക്
വെള്ളം കുടിക്കാന്‍
വെയിലത്തു വന്ന നാടന്‍ പട്ടി
തോണിത്തുമ്പേലിരുന്ന്
പിടികിട്ടാത്ത ഒരു പാട്ട് 
ചൂളം കുത്തിയ ഒരാള്‍
ചിറകില്‍ ആകാശത്തെയിരുത്തി
താണു പറക്കും പരുന്ത്
വെള്ളത്തില്‍ പലവഴി കുതിക്കും
ആയിരത്തൊന്ന് മീനുകള്‍,
ഒക്കെയുണ്ടല്ലോ എനിക്കും!

ഞാന്‍
ചമ്മി.

അപ്പോള്‍ നമുക്കിടയില്‍
ആദ്യം ഒരു മിന്നായം പോലെ
കാണപ്പെട്ട
ആ ഏകാന്തത എവിടെപ്പോയ്?

പരലുകള്‍, തവള, പുല്‍ച്ചാടി,
മീന്‍ചാട്ടങ്ങള്‍
മനുഷ്യര്‍, ചെമ്മീന്‍കുഞ്ഞ്
ചെറുകാറ്റ്, പൊന്‍വെയില്‍
മഴച്ചാറല്‍, പൊന്തക്കാട്
ചതുപ്പില്‍ നില്‍ക്കും പശു
കൊമ്പുകള്‍ മാത്രം മേലേ
കാണിക്കും പോത്തിന്‍ കൂട്ടം
പക്ഷികള്‍, തോണിപ്പാട്ട്...

എന്തൊക്കെ പരസ്പരം
വാഗ്ദാനം ചെയ്യും നമ്മള്‍
ഒക്കെയുമില്ലായ്മയില്‍
ഉണ്ടെന്നു തോന്നിപ്പിച്ച്!

ഞാന്‍ ചൂണ്ടലെടുത്ത്
റബ്ബര്‍തവളയുടെ പച്ച ലൂര്‍ കാസ്റ്റ് ചെയ്ത് 
എന്നെ സ്ഥിരം കബളിപ്പിക്കാറുള്ള
ആ വലിയ മീനിനുവേണ്ടി
ഇല്ലാത്ത ഒരു തവളനീന്തല്‍
വെള്ളത്തില്‍ ശ്രദ്ധയോടെ വരയ്ക്കാന്‍ തുടങ്ങി
പുഴയ്ക്കുള്ള മറ്റൊരു മറുപടിപോലെ

ചതി ആണെന്ന്
അറിഞ്ഞുകൊണ്ടുതന്നെ.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com