'അഞ്ച് കവിതകള്‍'- എം സങ് 

By എം സങ്   |   Published: 26th February 2023 05:12 PM  |  

Last Updated: 26th February 2023 05:12 PM  |   A+A-   |  

poem_1

 

ഒന്ന് 

ഷ്ടം 
ജീവിതത്തോട് ആയിരുന്നു.
ഓര്‍മ്മയാണ് ബാക്കി.
പ്രണയം എന്ന വാക്കിനെ 
എവിടെയോ വിഭജിച്ചു വച്ചു.
കൂട്ടുവരുന്ന വാക്ക്
മരണം എന്നായിരുന്നു.
എങ്കിലും ജീവിതത്തെ സ്വപ്നം കണ്ട്  
മുന്‍പോട്ടു പോകുമ്പോള്‍ 
ഏറ്റവും പ്രിയപ്പെട്ട നിന്നെ മാത്രം 
ഓര്‍ത്ത് ഓര്‍ത്തിരിക്കുന്നു.

രണ്ട് 

ഭൂമിയിലെ 
ഏറ്റവും വലിയ കവിത
മറവിയാണ്

മൂന്ന് 

നിലാവിനൊപ്പം നടന്ന പാദത്തില്‍
മുള്ളുകള്‍ കൊരുത്തിരുന്നു.
ദുഃഖം ദുഃഖം എന്ന് കരുതി 
പിന്നെയും നിലാവ് കണ്ടു നടന്നിരുന്നു.
അപ്പോഴാണ് വഴിവക്കില്‍
നിന്നെ കണ്ടത്. 
അക്ഷരങ്ങള്‍ മായ്ചുവച്ച
ഏതോ ഒരു ഓര്‍മ്മയുടെ തുണ്ട്  
എന്നെ തൊടുന്നുണ്ടായിരുന്നു.

പക്ഷേ, എന്തിനാണ് ഓര്‍മ്മ നഷ്ടപ്പെട്ടുപോയ 
സ്‌നേഹം എന്ന തുരുത്തില്‍ 
ഒന്നിനും അല്ലാതെ നാം കണ്ടുമുട്ടിയത്?
ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍
ഓരോ തുരുത്തിനും അപ്പുറം നാം 
അന്യരായി നില്‍ക്കുന്നു.

നാല് 

ഇലകളെക്കുറിച്ച് പറഞ്ഞ ഒരു കവി ഉണ്ടായിരുന്നു. 
ഇലകള്‍ ഇളയവരാണെന്ന് അയാള്‍ പറഞ്ഞു. 
ഇരുട്ട് നിറഞ്ഞ പാതയിലൂടെ നടക്കുകയായിരുന്നു.
ഇരുവശവും കണ്ടുമുട്ടാതെ കടന്നുപോയി.
ഓര്‍മ്മകള്‍ ബാക്കി ആകുമ്പോള്‍ 
ഒരാള്‍ക്കും തിരിച്ചറിയുവാന്‍ ആകാത്ത 
ഏറ്റവും സുദൃഢമായ അദൃശ്യകരങ്ങളാല്‍ 
അവര്‍ ബന്ധിക്കപ്പെട്ടു.
ഒടുവില്‍ എഴുതിയ വാക്കില്‍ 
സ്‌നേഹം എന്നു കുറിച്ചുവെച്ചു.

അഞ്ച് 

ഇന്നലെ ഒരു യാത്ര പോയി. 
വഴിവക്കുകള്‍ നിറയുകയും 
ഇഷ്ടാനിഷ്ടങ്ങള്‍
കവിഞ്ഞു കിടന്നു.
അക്ഷരങ്ങളുടെ കൂന
എവിടെയോ കണ്ടു.
അതില്‍ ഒന്നില്‍ ഏതിലോ
കവിത എന്നൊരു വാക്കു കണ്ടു. 
കാഴ്ച മറഞ്ഞുപോകുമ്പോള്‍ 
കവിതയും ഞാനും 
അദൃശ്യരായിരുന്നു!

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക