'ഇമ്പോസിഷന്‍ എഴുതുന്നവര്‍'- ജോണി ജെ. പ്ലാത്തോട്ടം എഴുതിയ കവിത

By ജോണി ജെ. പ്ലാത്തോട്ടം  |   Published: 26th February 2023 05:14 PM  |  

Last Updated: 26th February 2023 05:14 PM  |   A+A-   |  

poem_2

 

വാരാന്ത്യത്തിലെ വ്രതവിശുദ്ധമായ
പ്രണയവേഴ്ചക്കൊടുവിലെപ്പോഴോ
ശരീരഭാഷ സൈലന്റാകുകയും
വാങ്മയ വ്യവസ്ഥക്കു വഴിമാറുകയും ചെയ്തു.

കറണ്ട്‌പോക്കും വിയര്‍പ്പും പ്രകൃതിരക്ഷണവും കടന്ന്
ഭാഷണം, പക്കാ പാര്‍ട്ടിപൊളിറ്റിക്‌സില്‍ ചെന്നുചേരുന്നു
 ഉത്തരാധുനികതയും കാവ്യഭാഷയിലെ  പ്രതിസന്ധികളും
നേരത്തെ തരണം ചെയ്തിരുന്നു.
ഇവിടെവച്ച്, പാര്‍ട്ണര്‍മാര്‍ക്കു തിരിച്ചറിവുണ്ടാകുന്നു!

നിഷ്ഠകളില്‍ ബദ്ധശ്രദ്ധമായി,
സ്വത്വാന്വേഷണത്തിലേയ്ക്കും
ഈശ്വരിങ്കലേയ്ക്കുമുള്ള  ഈ സാക്ഷാത്ക്കാര പാതയില്‍
ജാള്യത്തോടെ അവര്‍ തിരികെ പ്രവേശിക്കുന്നു.

ഹൃദയത്തിന്റെ കലവറതുറന്നുള്ള സ്‌നേഹസദ്യയുടെ
സമയനീളത്തിലെവിടെയോ വച്ച്
അവര്‍ വീണ്ടും വീണുപോകുന്നു
ശരീരഭാഷ ശമിച്ചടങ്ങുകയും
വാങ്മയം വാചാലമാകുകയും ചെയ്തു.
'... എവിടെയും നശിച്ച ആവര്‍ത്തനം തന്നെ;
ഇനിയും 'ഊട്ടിയുറപ്പിക്കുക'യും 'അടയാളപ്പെടുത്തുക'യും
ചെയ്യുന്നവരെ ഞാന്‍ കൊല്ലും...!'
'ഹിപ്പോക്രസിയുടെ കാര്യമോ?!
കപട, സ്ത്രീ, ദളിത് വാദികളെ ഞാനും കൊല്ലും!'
'ഹരിത രാഷ്ട്രീയമാകട്ടെ, വെറുമൊരു ഫാഷന്‍...'
അവള്‍ തീര്‍ത്തുപറഞ്ഞു.

പാനീയം കുടിച്ചു ലഘുഭക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നതായി
അവര്‍ സ്വയം കണ്ടെത്തി  ഭാഗ്യം!

ഇത്തവണ, പ്രണയത്തിന്റെ മേലുള്ള വിശ്വാസത്തകര്‍ച്ച
അവര്‍ മറച്ചുവയ്ക്കുന്നില്ല
'...എന്നാലോ, ഈ അനുഷ്ഠാനം ആചരിക്കാതെ വിട്ടാല്‍
ശാരീരികമായ ക്രമസമാധാനം തകരാറിലാക്കുന്നു...!'
'ആദ്യമാദ്യം  എറൗണ്ട് ദി ക്ലോക് നടപടിവേണ്ടിയിരുന്നല്ലോ...!'
'ഉഷസ്സന്ധ്യാ കര്‍മ്മങ്ങളും വിശേഷാല്‍ പൂജകള്‍ പോലും...'
'അങ്ങനെയുമൊരു കാലം'
'ഇപ്പോഴാകട്ടെ,  ഇമ്പോസിഷനെഴുത്തിന്റെ മടുപ്പാണ്...
അസഹ്യമായ ആവര്‍ത്തന വിരസത!'
'ആവര്‍ത്തനം ക്ലാസിക്കല്‍ കലകളുടെ സ്വഭാവമാണ്...'
'ഒരിക്കല്‍, ബോറടിച്ചുമടുത്ത് മനുഷ്യകുലം
ഈ കാര്യക്രമം കയ്യൊഴിയും തീര്‍ച്ച!'
പൂര്‍ത്തിയാക്കും മുന്‍പേ, അയാളുടെ വായ്‌പൊത്തി
അവള്‍ ഇടയ്ക്കു കയറി; 'അതുമാത്രം പറയരുത്
ഞാന്‍ ചത്തിട്ടേ അതാകാവൂ എന്റെ പ്രിയനേ...!'