'ഉച്ചക്കടല്‍'- ആസാദ് എഴുതിയ കവിത

ഉച്ചക്കടല്‍ മീതെയൊരുകൊള്ളിയാന്‍ പറന്നുപോയ്പച്ചത്തിരക്കാടുവെട്ടാന്‍വാളുവീശി ഭാസ്വരന്‍
'ഉച്ചക്കടല്‍'- ആസാദ് എഴുതിയ കവിത

ച്ചക്കടല്‍ മീതെയൊരു
കൊള്ളിയാന്‍ പറന്നുപോയ്
പച്ചത്തിരക്കാടുവെട്ടാന്‍
വാളുവീശി ഭാസ്വരന്‍.

വാള്‍ത്തലപ്പിന്‍ വെട്ടമാളി
പാറകള്‍ തിളച്ചുപൊന്തി
മീനുകളതിന്‍പുറത്തു
തുള്ളിവന്നു മാഞ്ഞുപോയ്.
താഴ്ന്നുവന്ന പറവകള്‍, മീന്‍
കൊത്തികള്‍ തിരിച്ചുപോയ്
പാറയാഴ്ന്നു പച്ചയില്‍
മിനുപ്പലിഞ്ഞരൗദ്രത
പാറിനിന്നു പച്ചയില്‍
തീയടിഞ്ഞ ശാന്തത.
ഇലയിലുണ്ടു തണ്ടിലും
തുളഞ്ഞുപോയ വേരിലും.
ഇലകളെത്രയെത്രയെ
ന്നനന്തകോടിയെണ്ണണം
തരു,വകത്തിരിക്കെ മീതെ
തിരകള്‍ മിന്നി ഞൊറികളായ്.

കടലിരമ്പുമുച്ചകള്‍ക്കു
മുകളിലാണ് മാളുകള്‍
മുന്നിലുണ്ടു കോപ്പയില്‍
കുതിപ്പടക്കി തേയില.
കടുപ്പമിത്ര തരളമോ, മൃദു
വിരലുകൊണ്ടു നുള്ളുവാന്‍!
അടുപ്പമിത്ര മധുരമോ, ഋതു
നിലാവുകള്‍ക്കൊളിക്കുവാന്‍.
കനികളുണ്ട് തളികയില്‍
പിഴിഞ്ഞ ചാര്‍ ചഷകവും
കൂട്ടുകാരനൊപ്പമുണ്ടവ
നവള്‍ക്കു മാറി ഛായകള്‍.
അകന്ന കാലമേവരൂ
കടല്‍പ്പരപ്പിലൂടെ നീ
യുരുക്കള്‍ പാഞ്ഞ പാതയില്‍
പായ്‌ത്തോണി മാത്രമായ്.

നഗരമാണുനട്ടുച്ചയാണു
ബസിറങ്ങിനില്‍ക്കെ കണ്ടു
തണലുവീഴ്ത്തി മാളുകള്‍
കുഞ്ഞിലകള്‍ വീശിയാലുകള്‍.
വന്നെടുത്തു കൊണ്ടുപോയി
വള്ളികള്‍വരിഞ്ഞുടന്‍.
ഉച്ചകള്‍ക്കുമേലെ പാറു
മിച്ഛയുടെ പൊന്‍കൊടി
യാവിമാറ്റി പൂവിരിച്ചു
മത്സ്യകന്യകള്‍
തളിരുകള്‍ക്കു താഴെയുണ്ടു
തിരകനത്ത പച്ചകള്‍
തണ്ടുകള്‍ പിടിച്ചുനിര്‍ത്തു
മകത്തടിഞ്ഞ കാറ്റുകള്‍.
പഴയപോലെയാല്‍ത്തറയില്‍
കാത്തിരുന്ന കാമുകി
സാവധാനമെടുത്തു നീട്ടി
കാത്തുവെച്ച പാനകം.

ചില്ലിലൂടെ നോക്കിയാ
ലകലെനിന്നു വെയില്‍ത്തിര
തൊട്ടടുത്തു കാല്‍വിരലില്‍
വന്നടിഞ്ഞു പാല്‍നുര.
കണ്ണിലോളമാര്‍ന്നു ഞാ
നെടുത്തുമൊത്തി പാനകം
ചുണ്ടുപൊട്ടി നിലവിളിച്ചു
കൂട്ടുകാരനപ്പോള്‍!
ഉച്ചയാണു നഗരമാണു
വിജനമാണു വീഥികള്‍
വിളറിനില്‍പ്പു സ്‌നേഹനാള
മേന്തികൂറ്റനെടുപ്പുകള്‍.
വഴിഞ്ഞൊഴുകി ചുറ്റിലും
വീഞ്ഞുപോലെദ്രാവക,
മടര്‍ന്നൊരാലിലയില്‍ ഞാ
നതിനുമീതെ നിദ്രയായ്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com