'സിംഹവേട്ട'- പ്രസാദ് രഘുവരന്‍ എഴുതിയ കവിത

By പ്രസാദ് രഘുവരന്‍  |   Published: 01st June 2023 06:02 PM  |  

Last Updated: 01st June 2023 06:02 PM  |   A+A-   |  

poem_2

 

സിംഹമായിരുന്നു.
കാഴ്ചയില്‍ ശാന്തരൂപമെങ്കിലും
ശരിക്കും സിംഹമായിരുന്നു.

പാടമൂടിയ കാഴ്ചക്കാര്‍
എണ്ണത്തില്‍ക്കൂടുന്നു.
അവര്‍ക്ക് ഗര്‍ജ്ജനം മാത്രമാണ് സിംഹം!

താനൊഴുക്കിവിട്ട
രക്തപ്പുഴ കണ്ട്,
അപ്പുഴയില്‍ മുങ്ങിയോരുടെ
അലമുറ കേട്ട്,
ഒരു സിംഹം പണ്ടേയ്ക്കു പണ്ടേ  
ശാന്തിമുദ്രയായതാണ്
സത്യമുദ്രയായതാണ്.

പാടമൂടിയ കാഴ്ചക്കാരേ,
നിങ്ങള്‍ക്കാ മുദ്ര അജ്ഞേയമാണ്.
ആ സത്യശാന്തിമുദ്രയുടെ നില്‍പ്പ് 
സദാ നിങ്ങള്‍ക്ക് പുറന്തിരിഞ്ഞാണ്.
അതുകൊണ്ട് നിങ്ങളതിനെ
നിങ്ങള്‍ക്കുവേണ്ടി കുഴിച്ചുമൂടി.

ഒരൂന്നുവടിയും കുത്തി,
കണ്ണില്‍ കാരുണ്യവും
നെഞ്ചിലലിവും പേറി,
സ്ഥൈര്യമാര്‍ന്ന ചുവടുകളുമായി,
'തലമുറകള്‍ വിശ്വസിക്കാന്‍ 
മടിക്കുന്ന' മറ്റൊരു സിംഹം
ഈ മണ്ണിലൂടെ നടന്നിരുന്നു.

പാടമൂടിയ കാഴ്ചക്കാരേ,
നിങ്ങളാണാ ഹൃദയത്തില്‍
തുളകള്‍ വീഴ്ത്തിയത്.

പാടമൂടിയ കാഴ്ചക്കാരേ,
നിങ്ങള്‍ കാണുന്നതും
നിങ്ങള്‍ക്കറിയുന്നതും
നിങ്ങള്‍ വളര്‍ത്തുന്നതും
നിങ്ങള്‍ക്കായി വാ തുറന്നുപിടിച്ച 
തരിമണല്‍സിംഹങ്ങളെ മാത്രമാണ്.