'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത
By പി.എം. ഗോവിന്ദനുണ്ണി | Published: 13th March 2023 04:54 PM |
Last Updated: 13th March 2023 04:54 PM | A+A A- |

സമതലത്തിലേക്കു പുറപ്പെട്ട
സമുദ്രമത്സ്യം
മണലോരത്തെ ദേവാലയം കണ്ടു
അതിന്റെ നെറുകയിലെ
ഒടിഞ്ഞ കുരിശുകണ്ടു
അതിനുമേല്‍
ഒരു അവിഛിന്ന മേഘത്തെയും കണ്ടു
സന്ധ്യയെക്കൂടി കാണാന്‍ കാത്തുനില്‍ക്കാതെ അത്
പിടപ്പൊതുക്കിയ വാലില്‍
നിവര്‍ന്ന് നടന്നുപോയി
വായുവേപ്പോലെ അദൃശ്യമായി
എന്നാല്‍ ഗന്ധമായി
അസ്പൃശ്യമായ അനുഭവമായി
സത്യമായി
പരമാര്‍ത്ഥമായി
അത് നടന്നു!
സമതലത്തില്‍ ആദ്യം
സന്ധ്യയും
പിന്നാലെ
ഇരുട്ടും ചെന്നുചേര്‍ന്നിരുന്നു
ഖരവിസ്തൃതിയെ നോക്കി
ഒരു കൊക്കിലും ഒതുങ്ങാത്ത
മത്സ്യം ചിരിച്ചു
സംഗീതം പൊഴിക്കുന്ന ഒരു വൃക്ഷം പോലും
അവിടെ ഉണ്ടായിരുന്നില്ല
അന്തമില്ലാത്ത പരപ്പില്‍
ആഴത്തില്‍
സമുദ്രത്തില്‍ നീന്തിയതിനേക്കാള്‍ നന്നായി
അത് രാത്രി മുഴുവന്‍
നീന്തി.
ഗിങ്കോവൃക്ഷം
ഇല കുടയുംപോലെ
ചെതുമ്പലുകള്‍ പിടഞ്ഞു പൊഴിച്ച്
സ്വപ്നദൃശ്യം
ജാഗ്രത്തില്‍ ശ്വസിച്ച്.