'ഒരു മുറിയില്‍ ഒരു കണ്ണാടിയില്‍'- ഹരിശങ്കരനശോകന്‍ എഴുതിയ കവിത

By ഹരിശങ്കരനശോകന്‍  |   Published: 21st March 2023 05:00 PM  |  

Last Updated: 21st March 2023 05:00 PM  |   A+A-   |  

poem_2

 

തിമറന്ന വിഷാദം കണ്ണാടിക്കു മുന്നില്‍ 
സ്വശരീരം കണ്ടാസ്വദിക്കവെ ഒരു എളിയ 
സന്തോഷം അവിടേക്ക് കടന്നുവന്നു

വിഷാദത്തിന്റെ ശരീരമോ അതിന്റെ 
പ്രതിഫലനമോ ആ എളിയ സന്തോഷത്തില്‍ 
യാതൊരു ഭാവമാറ്റവും വരുത്തിയില്ല

എളിയ സന്തോഷം ആ മുറിയിലെ 
സാധനസാമഗ്രികള്‍ ഓരോന്നോരോന്നായി 
തട്ടിമറിച്ചിട്ട് കളിക്കാനാരംഭിച്ചു

ഇതുകണ്ട് പലമടങ്ങ് ഘനീഭൂതമായ വിഷാദം 
അകമെ തകര്‍ന്ന് പോവതൊഴിവാക്കാന്‍ 
തന്റെ കീറിപ്പറിഞ്ഞ പരുക്കന്‍ 
ഉടുവസ്ത്രങ്ങളെടുത്തണിഞ്ഞൊരു 
ദീര്‍ഘനിശ്വാസത്തിലൂടെ പുറത്തേക്കിറങ്ങി 

എളിയ സന്തോഷത്തിന്റെ വിരല്‍പ്പാടുകള്‍ 
വീണ കണ്ണാടിയില്‍ വിഷാദത്തിന്റെ നനഞ്ഞ് 
നേരിയ ഒരു ഛായ തങ്ങിനിന്നു

കുറെ നേരം അവിടെ ചുറ്റിക്കളിച്ച് ആകെ 
അലങ്കോലമാക്കിയ ശേഷം ആ എളിയ 
സന്തോഷവും മാഞ്ഞുപോയി

സാധനങ്ങള്‍ക്കും സാമഗ്രികള്‍ക്കും ഇടയില്‍ 
നിശൂന്യതയും ഏതാണ്ടൊരു നിശബ്ദതയും 
തന്നെ അവിടെയവശേഷിച്ചു

അങ്ങനെ നിശബ്ദതയുടെ നിറവിലും 
നിശൂന്യതയുടെ ഏറ്റവും പുതിയ പ്രതിഫലനം 
എളിയ സന്തോഷത്തിന്റെ വിരല്‍പ്പാടുകള്‍ 
വീണ വിഷാദഗ്രസ്തമായൊരു ചിത്രമായ് 
അവിടെ കാണപ്പെട്ടു.