പ്രണയ ബുദ്ധൻ
By എൻ.ബി. സുരേഷ് | Published: 16th November 2023 11:52 AM |
Last Updated: 16th November 2023 11:52 AM | A+A A- |

വഴിയരികിലിരുന്ന്
കരയുന്നവന്റെ മുന്നിൽ
ബുദ്ധൻ ഒരു നിമിഷം നിന്നു.
പിന്നെ
ഇലകൊഴിഞ്ഞ മരച്ചുവട്ടിലേക്ക് നടകൊണ്ടു.
ആ കാലടികൾ പിന്തുടർന്ന്
വിഷാദിയും.
വേനലിനെ നോക്കി വിറകൊള്ളുന്ന
ചില്ലകളെ നോക്കി ഒന്ന് കണ്ണടച്ച്
ബുദ്ധൻ യാത്ര തുടർന്നു.
തുടിക്കുന്ന ഉള്ളുമായി
വിഷാദി മരച്ചുവട്ടിലിരുന്നു.
കണ്ണീർ പൊഴിഞ്ഞു.
മണ്ണിലോരോ തുള്ളി വീഴുമ്പോഴും
ഓരോ ഇല മുളച്ചു.
പച്ച പടർന്നു
തണൽ വിടർന്നു.
കിളികൾ പാറിവന്നു
പാട്ടുകൾ മൂളി
കിനാവിന്റെ കൂട് കൊരുത്തു.
നനഞ്ഞ മണ്ണിൽ
വിരൽ പതിയെ ചലിച്ചു.
ഒരരുവി അകലേക്കൊഴുകി
രണ്ട് കാലടികൾ
അതിൽ വിരലുകളാഴ്ത്തി.
ചില്ലകളിലും
കണ്ണീർച്ചാലിലും
രണ്ട് ഹൃദയങ്ങളിലും
പ്രകാശത്തിന്റെ നൃത്തം.

ഈ കവിത കൂടി വായിക്കാം
ആത്മചിത്രം'- സംപ്രീത എഴുതിയ കവിത
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ