പനി

പനി

രിവരിയായ് നീങ്ങീ

ഉറുമ്പുകൂട്ടങ്ങൾ പോൽ

ഒരേ യൂണിഫോം ഞങ്ങൾ

ക്കുറുമ്പുകൾക്കുമതേ

പൊരിവെയ്‌ലോരം പറ്റി

യുച്ചയോട്ടത്തിന്നറ്റം

ചുടുചോർ മണം പൂത്തു

തളിർക്കും ചെറുവീട്

അഴിഞ്ഞുകിടക്കുന്നോ

രരഞ്ഞാണം പോൽ വഴി

വളഞ്ഞു തിരിഞ്ഞു ഹോൺ

മുഴക്കി പായും കുട്ടി

തിരികെയണയുമ്പോൾ

കാച്ചിയ മോരിൻ മണം

പുരണ്ട കയ്യാൽ നീട്ടും

ബട്ടൻസ് റോസാപൂവ്

ഇട മുറിഞ്ഞും മെല്ലെ

കുനിഞ്ഞുനീർന്നും മഴ

കുട പിടിക്കുന്നുണ്ട്

പരിചയത്തോടന്നും

നനുത്ത കരം തോളിൽ

പതുക്കെ തൊടുന്നുണ്ടോ..!

വരിയ്ക്കു പിറകിലായ്

അവനും നടപ്പുണ്ടോ..!

ഒരിക്കലുമില്ലാ

വെളുത്ത കുപ്പായത്തിൽ

ഒളിച്ചുകളിക്കും പോൽ

പുതച്ചു കിടക്കുന്നു

കളിയായ് ഒളികണ്ണാൽ

പാളിനോക്കിയോ! ഞങ്ങൾ

വരി തള്ളുമ്പോൾ മെല്ലെ

ചുണ്ടുകൾ പിളർത്തിയോ!

അതിൽ വളഞ്ഞതെൻ

പേരിന്റെ പൊടിപ്പാണെ

ന്നെനിക്കു തോന്നുന്നതോ

കൺചിമ്മിൽ മറഞ്ഞതോ

മരിച്ചിട്ടില്ല നീ...

മരിച്ചിട്ടില്ലെന്നാർത്തു

കരയാനരുതാതെ

പനിച്ചന്നെനിക്കുള്ളം

അതില്‍പ്പിന്നോരോ തുള്ളി

മഴയും മഴക്കോളും

പനിചില്ലയിലെന്നെ

യിരുത്തി തലോലിച്ചൂ.

അഞ്ചാറും കടന്നു ഞാൻ,

ഋതുവായ്, പള്ളിക്കൂടം

പുതുതായ്, ആണായ് പെണ്ണായ്

തിരിഞ്ഞുപോയീ ഞങ്ങൾ

ഇരുകൈവഴി വെള്ളം

പിരിഞ്ഞു ചേരും പോലെ

പുണർന്നു ഞങ്ങൾ പുതു

പിറവിക്കു പാത്രമായ്

കടുത്ത വേനൽ കൊല്ല

പരീക്ഷ നടത്തുന്നു

മകൾക്ക്, വേനൽ മഴ

വരാന്ത നനയ്ക്കുന്നു

നരച്ച ചന്ദനവും

നീലയുമണിഞ്ഞോടി

വിയർത്ത കുട്ടിക്കാലം

ദൂരെയാണതെങ്കിലും

മഴയിൽ പനിപ്പതും

പനിക്കുമ്പോൾ നീയെൻ

വിരലിൽ വിരൽകോർക്കും

പതിവും തെറ്റുന്നില്ല.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം
നിഴലുകളുടെ അലമാര


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com