'6 pack'- സുകുമാരന്‍ ചാലിഗദ്ദ എഴുതിയ കവിത

By സുകുമാരന്‍ ചാലിഗദ്ദ  |   Published: 15th September 2023 05:25 PM  |  

Last Updated: 15th September 2023 06:33 PM  |   A+A-   |  

poem

 

ചോളപൂവിന്  അവള്‍തൊട്ട 
കരകാറ്റുകളില്‍ തിര കേറി
തൃശൂരിലെത്തി തിരിഞ്ഞാടിയപ്പോള്‍
തൃശൂരിന് കടല്‍ ചേരില്ലെന്നുപറഞ്ഞ
പെണ്‍മുഖമുള്ള ആ മരത്തിലെ
ആണ്‍പൂക്കളെല്ലാം ചിരിപ്പിച്ച ഇലകളോട്
ഇന്നലെ ഗെയിംകളിച്ചുതോറ്റ പെണ്ണിന്
പൊട്ടുവാങ്ങാന്‍ പോയപ്പോള്‍ 
പൊട്ടിപ്പൊളിഞ്ഞ സൈക്കിളില്‍വന്ന
രണ്ടുമൂന്ന് നാല് ഗുണ്ടകള്‍ എന്നെ നോക്കി.

പേടിച്ച ഞാന്‍.

എന്റെ രണ്ടുകൈകളിലും വയറിലും
മസിലുണ്ടോന്നറിയാന്‍ 
കണ്ണാടിയില്‍ നോക്കിയതും,
സല്‍മാന്‍ഖാനും ഹൃദിക്റോഷനും 
കണ്ണാടിക്കുള്ളില്‍നിന്നും
സിക്സ്പാക്ക് കാണിച്ച് ഇറങ്ങിവന്നിട്ട് 
കടകം ഒഴിവ് കടകത്തിലൊഴുവ്
പിന്നെ ചടചടചടപടചടപടന്റമ്മോ
അടിക്കളിയില്‍നിന്നും പറപറന്ന
പൊന്നീച്ചകളെല്ലാരും ചേര്‍ന്നൊരു
കിണികിണിവണ്ടിയില്‍-
കീ കീ പോം പോം പോയതും,
അടയുണ്ട വടയുണ്ട വെടിയുണ്ട
ഓട്ടക്കണ്ണിലൂടെ നോക്ക്യ

ഐശ്വര്യറായും ജൂഹിചൗളയും
മണവാളന്റെ മസില് ശരിക്കും കണ്ടു.
സില്‍ക്കിന്റെ കരിവളപാട്ടില്‍
ഞാനൊരു RRR ചുവടുമായ്
ചോളമരതൈപൂവിനെ തലോടി
മുണ്ടും മടക്കിക്കുത്തി പൊട്ടുംവാങ്ങി
നെഞ്ചുംവിരിച്ച് ജയനെപ്പോലെ നടന്നതും
അശോകന്റെ ചിരിയില്‍
ആടുതോമ മുണ്ടുംവിരിച്ചാറാടി 
കണ്ണാടിമറച്ചതും അവരെല്ലാരും
കണ്ണാടിക്കുള്ളിലേക്ക് തിരിച്ചുകയറിയതും
എന്റെ മസിലുംപോയി
സിക്സ്പാക്കും പോയി.

ഈ കവിത കൂടി വായിക്കൂ 

'പാട്ടും പകലും'- വിദ്യ പൂവഞ്ചേരി എഴുതിയ കവിത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ