സലൂണിനും
മെഡിക്കൽ സ്റ്റോറിനും
പുറകിലുള്ള തുറസ്സിൽ
ആലിപ്പഴങ്ങൾ വീണു.
പണം നഷ്ടപ്പെട്ട നിക്ഷേപകർ
കുത്തിയിരുന്ന് സമരം ചെയ്യുന്നതിനിടയിൽ
ആ വിശേഷം
ഒരു ചെറുക്കൻ വന്നറിയിച്ചു.
അവന്റെ പിറകേ ഒന്നു രണ്ടാളുകൾ
എഴുന്നേറ്റു പോയ്.
കറുത്ത നിറത്തിൽ
മത്സരിച്ച
രണ്ടൊഴുക്കുകൾ
പകുതിയും കടന്ന്
മുന്നും പിന്നുമായ്
പുറമേ
ഉറഞ്ഞുണങ്ങിനിൽക്കും
ഇനാമൽ പെയിന്റ് പാട്ട,
ആരുടെയോ വെപ്രാളം തട്ടി
ജനൽപടിയിൽനിന്ന്
നിലത്തുവീണു കിണുങ്ങുന്ന ശബ്ദം
നിലച്ചുവരുന്നേയുള്ളൂ.
പാട്ടയ്ക്കടിയിലുണ്ടായിരുന്ന
ജീവി ഇരുട്ട് നഷ്ടപ്പെട്ടതിനോട്
പൊരുത്തപ്പെട്ട് വരുന്നേയുള്ളൂ.
സമരക്കാരിൽ
ഒരാളൊഴികെ
ബാക്കിയുള്ളവർ ആലിപ്പഴങ്ങൾ
ശേഖരിക്കാനിറങ്ങി.
ഒറ്റയ്ക്കായ ആളുടെ ഉച്ചത്തിലുള്ള ശ്വാസത്തിന്റെ
പൂട്ട് പൊട്ടിച്ച്
തടഞ്ഞുവയ്ക്കപ്പെട്ട മാനേജരും
മറ്റു ജീവനക്കാരും
പണം
ഒരിക്കലും തിരിച്ചുകിട്ടാതാവുന്നതിൻ താഴ്ചയിലൂടെ
പടികളിറങ്ങിപ്പോയ്.
ആലിപ്പഴം
കയ്യിലെടുത്ത്
ആകാശം തിന്നുകയാണ് നമ്മൾ,
ഒരുവനെ നോക്കിയാൽ അങ്ങനെ തോന്നാം.
ചെറുക്കന്റെ ഉടുപ്പു നനഞ്ഞ്
നെഞ്ചിൽ ഒട്ടിയിട്ടുണ്ട്.
ആലിപ്പഴങ്ങൾ ഭൂമിയിൽ വീഴുന്നതെന്തിനാണ്?
അവന്റെ ചോദ്യത്തെ
ചവിട്ടിത്തേച്ച്
ആളുകൾ തിരിച്ചോടി.
ഓടുകയാണ്
ഞാനും നിങ്ങളും.
പതുക്കെയാണെന്ന പരാതിയിൽ
തുളയിട്ടിരിക്കുന്നുണ്ടോ
വേഗം മൂളിയാർക്കും ചെറുവണ്ടുകൾ?
ഓടുന്നവർക്കെതിരെ
അവരുടെ പാതകളും ഓടുന്നുണ്ട്.
ഞാനും നിങ്ങളും ചേർന്ന്,
പടിയിറങ്ങിപ്പോയ
ജീവനക്കാരിലെ
സ്ത്രീയെ പിൻതുടർന്നോടുന്നു,
നമ്മളാരും നിക്ഷേപകരല്ലാഞ്ഞും.
അവൾ വീണു.
ആലിപ്പഴം പോലെ
ആ തുറസ്സിൽ പോയി വീണു.
അവളെ പിടികൂടാനുള്ള
നമ്മുടെ ഓട്ടത്തിൽ
അവളോടൊപ്പമുള്ളവർ
അലിഞ്ഞുപോയി.
ഓടി ഓടി ഞാനും നിങ്ങളും
അവരും
പഴയ തുറസ്സിലെത്തി.
ഒറ്റയ്ക്കായ ആൾ
മുകൾനിലയിൽനിന്നും
ഉറക്കെ വിളിച്ചുപറയുന്നു:
“ആ ചെറുക്കന്റെ വാ പിടിച്ച് തുറക്ക് വേഗം.”
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ