പാഠപുസ്തകത്തിലെ
നെല്‍വയല്‍പ്പടം കണ്ടു
ബാല്യകൗതുകം ഷൂസും
സോക്സ്, മേല്‍ക്കോട്ടും മാറ്റി
ചാടിയൂര്‍ന്നിറങ്ങുന്നു
പുസ്തകത്താളില്‍പ്പച്ച-
യോളങ്ങളിളക്കുന്ന
വയലില്‍; പൊടുന്നനെ
ഞാറണിക്കയ്യാല്‍ പിഞ്ചു-
മെയ്യിനെപ്പുണരുന്നു
പാടാമാദ്യത്തെ മഴ-
യെന്നപോല്‍, പച്ചപ്പിന്റെ
ലാളനം നുകരുന്ന
പൈതലാദ്യമായ് പൂഴ്ന്നു
പോകുന്ന ചേറില്‍, നീന്തി-
ത്തുടിപ്പൂ ചെറുമീനി-
ന്നോളങ്ങളോരോന്നിലും,
വഴുക്കും വരമ്പത്തു
മേയുന്ന കൊക്കിനൊപ്പം
ധ്യാനമോലുന്നു പിന്നെ
ഞാറുകള്‍ മുതിരുന്നു,
കതിരായ് കനക്കുന്നു...
പാഠപുസ്തകം പഴ-
ങ്കടലാസ്സായീടുന്നു,
ചേറുമാമ്പലും കൊഴി-
ഞ്ഞീടുന്നു, ഘടികാര-
സൂചികളളക്കുന്നു
ജീവിതം, വയലിന്റെ
ചോരയില്‍ തഴയ്ക്കുന്നു
നാടിന്റെ വികസനം
മായുന്നു ദേശാടന-
ക്കിളിപ്പാതകള്‍, വെള്ള-
ച്ചാലിലെ തിമിര്‍പ്പുകള്‍,
കൂടുകള്‍ക്കുള്ളില്‍ നമ്മെ
നാമടയ്ക്കുന്നു, പിന്നെ
തുറക്കാനരുതാതെ
വേവുന്നു, തൂവല്‍ക്കതി-
രോരോന്നും കൊഴിയുന്നു...
കണ്ണടയ്ക്കുമ്പോഴേതോ
കരയില്‍ തുടിക്കുന്നു
പണ്ടത്തെ വയല്‍ച്ചേറിന്‍
നെടുവീര്‍പ്പുകള്‍, പൊള്ളു-
ന്നുണ്ടവ തൊടുന്നേരം
പരുക്കന്‍ കാലത്തിനും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ