
ഉണരുമ്പോള്‍ ആന്റോണിയോ ഗ്രാംഷിക്കടുത്ത്
അംബേദ്കര്‍ ഇരിക്കുന്നുണ്ടായിരുന്നു
കൊത്തുവേലകളുടെ വിചാരങ്ങളില്ലാതെ
ഇഞ്ചുകളുടെ അകലത്തില്‍
-മനുഷ്യര്‍ ശൂന്യതയുടെ ഏകകമാണോ?
അന്യായം ചെയ്യുന്ന ചിന്ത
അധികാരം സ്ഥാപിക്കാറുണ്ടോ?
=മനുഷ്യര്‍ ആശയങ്ങളെ വളവുകളിലേക്കു വളക്കുന്നു
നിവര്‍ത്താനാവാത്തവിധം
എന്നിട്ട് ഗോപുരങ്ങള്‍ക്കടുത്ത്
ഹിംസാലയങ്ങള്‍ ഒരുക്കുന്നു
-എന്റെ അനുഭവം
നനഞ്ഞ ചാക്കില്‍ ഇരിക്കുമ്പോള്‍
തണുപ്പ് നെറുകയില്‍
ജാതിയായി തൊടുന്നതാണ്
ഹിമവണ്ടി വലിക്കാന്‍ ആളില്ലാതെ
അതില്‍ കിടന്നു മരവിക്കുന്നതാണ്
മരവിപ്പിന്റെ ഭാഷയാണ് ഞാന്‍
=ചായയിലെ കുമിളകളെ തൊട്ടുനോക്കൂ
അവ ചായയില്‍ ലയിക്കുന്നു
കുമിളകളായിരുന്നെങ്കില്‍
അവയുടെ രുചി അറിയാമായിരുന്നു
രുചി അനുഭവത്തെ മായ്‌ചുകളയുമ്പോള്‍
അനുഭവം എനിക്ക് ഇരുട്ടറയായിത്തീരുന്നു
അധികാരം എനിക്കുമേലാകുമ്പോള്‍
അധികാരത്തെ മാറ്റുന്നു
അതാണ് ഞാന്‍ കാണുന്ന മാറ്റം
-അധികാരമില്ലാത്തവര്‍ കുതിര്‍ന്ന്
ഒരു ദിവസം മണ്ണില്‍നിന്നുയരുമോ?
ജാതിയുടെ വല അദൃശ്യതയില്‍
ദൃശ്യമാകുമ്പോള്‍ രുചിയും അനുഭവവും ഒന്നാകുകയല്ലേ?
ഒഴിഞ്ഞ കപ്പ് 108 വാര അകലെയല്ലേ ഇപ്പോഴും?
ദ്വന്ദ്വങ്ങളുടെ ആകുലത
അതൊരിക്കലും വിഭജനങ്ങളെ മറികടക്കുന്നില്ല
അതെപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കും
ആനയും പാപ്പാനും പോലെ
=പാപ്പാന്‍ ഞാനുള്‍പ്പെടെ അല്ലേ?
ആന സഞ്ചരിക്കുന്നതു പാപ്പാനു വേണ്ടിയാണോ
രണ്ടിനും ഇടയില്‍ സുദീര്‍ഘമായ വ്യവസ്ഥാദൂരമില്ലേ
ആനപ്പുറത്ത് പാപ്പാന്‍ ഇരിക്കുന്നതല്ലേയുള്ളൂ
ആന അംശദേശങ്ങളില്‍ രാജാവല്ലേ
പാപ്പാനോ?
-മനുഷ്യര്‍ കാര്യകാരണങ്ങള്‍ അയുക്തികമായുപയോഗിക്കുന്നു
ചിലരെ അകറ്റി നിര്‍ത്താന്‍
ചിലര്‍ ചിലരല്ല
അവര്‍ എല്ലാവര്‍ക്കുമൊപ്പമാണെങ്കിലും
പറയുമ്പോള്‍ ഒപ്പമായിരിക്കും
പ്രവൃത്തിയില്‍ അതായിരിക്കില്ല
അനേകങ്ങളില്‍ ഒപ്പം യാന്ത്രികമായിരിക്കും
നൂല്‍ചുറ്റുള്ള അതിന്റെ ഘടന
ഉപേക്ഷിക്കാന്‍ ആര്‍ക്കു കഴിയും?
=താങ്കളുടെ ചോദ്യം
ചോദ്യമായി മാത്രം കാണുന്നില്ല
യാഥാര്‍ത്ഥ്യമാണത്
അത് താങ്കള്‍ക്കൊപ്പമുണ്ട്
പക്ഷേ, എന്നെ വരിഞ്ഞിരിക്കുന്നത്
അയഥാര്‍ത്ഥമായ ഒരു സമൂഹമാണ്
-ആള്‍ക്കൂട്ടമല്ലേ അത്?
ആള്‍ക്കൂട്ടത്തെ തടയാന്‍ ഒരു ധാന്യത്തരിമതി
പാത്രത്തിലതു വെന്തു പൊങ്ങിയാല്‍ വിശപ്പകറ്റാമല്ലോ
വിശപ്പകന്നാല്‍ വിധി തന്നെ അകലില്ലേ?
=ഇതില്‍പ്പരം തോന്നലിന് എന്തൊക്കെ പറയാം
ഒരു കാര്യം ശരിയാണ്
വിശപ്പ്
അത് ഒരിക്കലും അകലില്ല
അത് മനുഷ്യനൊപ്പം വികസിക്കുന്നു
-ഞാനെനിക്കു ചുറ്റും നോക്കുന്നത്
വിശപ്പുള്ളപ്പോളാണ്
എനിക്കു ചുറ്റുമുള്ളവരും
അതു ചെയ്യുന്നു
ഞങ്ങള്‍ പരസ്പരം നോക്കി
വിശപ്പിനെ നിര്‍മ്മിക്കുന്നു
വിശന്നുകൊണ്ടുള്ള ആ നിര്‍മ്മാണത്തില്‍
താങ്കള്‍ ദ്വന്ദ്വങ്ങള്‍ കാണുന്നു
=അല്ല
ഞാന്‍ താങ്കളെയാണു കാണുന്നത്
താങ്കളുടെ നിശ്ശബ്ദത
തുല്യതയ്ക്കുവേണ്ടിയുള്ള നിലപാട്
തിളച്ചുമറിയുന്ന രോഷം
എല്ലായിടത്തേക്കും നോക്കി ഞെട്ടുന്നത്
അപ്പോള്‍
ആന്റോണിയോ ഗ്രാംഷിയെ നോക്കി
അംബേദ്കര്‍ പറഞ്ഞു:
കലപ്പയും കോരികയുമായി
പോകുന്നവരില്‍ ഒരാളാണു ഞാന്‍
ഗ്രാംഷി വായിക്കാനായി തുറന്ന
ഹെഗ്‌ലിന്റെ പുസ്തകം അടച്ചുവെച്ച്
അംബേദ്കറെ കണ്ണീരിന്റെ ഗൗച്ചകൊണ്ടു
കോപ്പി ചെയ്ത്
ഉറക്കത്തിലേക്കുതന്നെ തിരിച്ചുപോയി
എന്താണുണര്‍വ്വെന്നറിയാന്‍
*ആന്റോണിയോ ഗ്രാംഷി - അംബേദ്കര്‍ ഒരു സാങ്കല്പിക സംവാദം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക