ആബിദ അബ്ദുൾ റസാഖ്
അതുൽ വി.എസ്
മെറിൻ പി.കെ
സൈനബ ഹക്കീം
ടീച്ചർ വിളിച്ചുകൊണ്ടേയിരുന്നു,
ആരും മിണ്ടിയില്ല
ഹോംവർക്ക് ചെയ്യാത്തതിന്
ചെവിക്കു പിടിച്ചപ്പോഴെന്നപോലെ
ഗ്രാമം ഉറക്കെ കരഞ്ഞു
മാനത്തപ്പോൾ
മറ്റൊരു
പള്ളിക്കൂടം
മണിയടിച്ചപ്പോൾ
മലവെള്ളമിറങ്ങിയ
മുറ്റം
കള്ളപ്പനി
കണ്ണീക്കേട്
മൂക്കൊലിപ്പ്
എന്നും വരാത്ത അലവി
അന്ന് കൃത്യം വന്നു
മാഷ് ചോദിച്ചു:
എന്താ അലവി ഇങ്ങനെ?
അലവി പറഞ്ഞു:
മഴ വരുമ്പം പേടിയാ മാഷെ!
മറുത്തൊന്നും പറയാതെ
മാഷവനെ ചേർത്തുനിർത്തി
കുഞ്ഞാമിന വിളിച്ചു:
മലമ്പാമ്പിന്റെ കൂട് കാട്ടിത്തരാം വാ
അലവി താഴേക്ക് നോക്കി,
പച്ചക്കാട്, തത്ത,
പയ്യ് മേയണ പള്ളിപ്പറമ്പ്,
അബൂന്റെ ആട്ടിൻകുട്ടി,
അവിലിടി ഉമ്മാന്റെ ഒരല്
ഉമ്മ വിളിച്ചു:
അവില് തിന്നിട്ട് പോടാ അലവീ...
അവൻ താഴേക്കിറങ്ങി
കാലിൽ ചെളി പുതഞ്ഞപ്പോൾ
ഉമ്മാന്റെ നെലവിളി,
കഴുക്കോലിൽ പാമ്പ്
ടീച്ചറപ്പോഴും പേര് വിളിച്ചുകൊണ്ടേയിരുന്നു
ടിപി സെയ്തലവി
ആമിനാന്റെ കൈ വിടീച്ച്
അവൻ എണീറ്റ് നിന്നു:
‘ഹാജർ’
*വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ സ്കൂൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ